യുക്രൈനുമായി നേരിട്ടുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പിന്മാറി. ചര്‍ച്ചകളില്‍ പുടിന് പകരമായി റഷ്യന്‍ പ്രതിനിധിയായി വ്ലാഡിമിര്‍ മെഡന്‍സ്‌കി പങ്കെടുക്കുമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഷ്യയുടെ നടപടിക്ക് പിന്നാലെ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോണള്‍ഡ് ട്രംപും വിശദമാക്കി.
തീവ്ര കണ്‍സര്‍വേറ്റീവ് വിഭാഗത്തില്‍ നിന്നുള്ള റഷ്യന്‍ സാംസ്‌കാരിക മന്ത്രിയായ വ്ലാദിമിര്‍ മെഡിന്‍സ്‌കിക്കൊപ്പം ഉപ ആഭ്യന്തര മന്ത്രി അലക്സാണ്ടര്‍ ഫോമിന്‍, ഉപ വിദേശകാര്യ മന്ത്രി മിഖായല്‍ ഗാലുസി, റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയായ ഇഗോര്‍ കൊസ്ത്യുകോവ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് റഷ്യ വിശദമാക്കിയിട്ടുളളത്. അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വോളഡിമിര്‍ സെലന്‍സ്‌കി തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ നിന്നും റഷ്യന്‍ പ്രസിഡന്റ് പിന്മാറിയത് ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സമാധാനത്തിനായി തുര്‍ക്കിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ആഗോള തലത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പുടിന്റെ പിന്മാറ്റം അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.