ഓട്ടവ: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ അപലപിച്ച് കാനഡ. ഗാസയിൽ വൻ തോതിൽ സൈനിക നടപടി ആരംഭിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നത്. ഇസ്രയേലി സെക്യൂരിറ്റി ക്യാബിനറ്റ് എടുത്ത തീരുമാനത്തെ എതിർക്കുന്നതായി കാനഡ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അറിയിച്ചു.
ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലും പട്ടിണിയിലുമാണെന്നും ഇസ്രയേൽ പദ്ധതി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും വിദേശകാര്യ മന്ത്രിമാർ ആരോപിക്കുന്നു. ഈ നീക്കം സാധാരണ ജനങ്ങളുടെ കൂട്ടപലായനത്തിലേക്കും തടവിലാക്കപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കാനും മാത്രമേ സഹായിക്കൂവെന്നും അവർ പറഞ്ഞു. ഗാസ പിടിച്ചെടുക്കാനോ കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനോ ഉള്ള ശ്രമം രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി.







