കൊച്ചി: ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ച വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി റജിസ്റ്റർ ചെയ്ത് വിറ്റഴിച്ചവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്.
പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി. കൊച്ചി, കോഴിക്കോട്, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ടു രേഖകൾ പിടിച്ചെടുത്തതായാണ് സൂചന.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവ അടക്കം റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി ഹിമാചൽ പ്രദേശിൽ റജിസ്റ്റർ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റഴിക്കുകയായിരുന്നു. ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ റജിസ്ട്രേഷൻ നമ്പറിലാണു കൂടുതൽ വാഹനങ്ങളും റജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ റജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) ഉൾപ്പെടെയാണു കേരളത്തിൽ കാറുകൾ വിറ്റതും. കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ റജിസ്റ്റർ ചെയ്തു ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണു ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ചു വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്കു വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.







