എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഈമാസം മുതൽ 5,47,000 ബാരൽ പ്രതിദിനം അധികം ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ചാഞ്ചാടിയ എണ്ണവിലയിൽ മാറ്റം പ്രതിഫലിക്കും.
ഓൺലൈനായി ഞായറാഴ്ച ചേർന്ന അംഗരാജ്യങ്ങളുടെ യോഗത്തിലാണ് എട്ട് രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പാദനം പ്രതിദിനം 5,47,000 ബാരൽ കൂട്ടാൻ തീരുമാനിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈത്ത്, റഷ്യ, ഇറാഖ്, കസാഖിസ്ഥാൻ, അൾജീരിയ എന്നീ രാജ്യങ്ങളാണ് ഉൽപ്പാദനം വർധിപ്പിക്കുക. ഈ മാസം മുതൽ തീരുമാനം നടപ്പിലാവും. എണ്ണ വിപണിയുടെ സ്ഥിരതയ്ക്ക് വേണ്ടിയാണ് ഈ തീരുമാനം.