ഒന്റാരിയോ: ബ്രിട്ടീഷ് ആസ്ഥാനമായുള്ള മദ്യ നിർമ്മാതാക്കളായ ഡയാജിയോയുമായള്ള പോരാട്ടം കടുപ്പിക്കാനുറച്ച് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. കമ്പനിയുടെ ഉല്പന്നങ്ങളായ ക്രൌൺ റോയലിനെയും സ്മിർനോഫിനെയും LCBO-യിൽ നിന്ന് പിൻവലിക്കുമെന്നാണ് ഡഗ് ഫോർഡിൻ്റെ പുതിയ ഭീഷണി. ഒൻ്റാരിയോയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനശാലയും ലോകത്ത് ഏറ്റവും കൂടുതൽ മദ്യം വാങ്ങുന്ന സ്ഥാപനങ്ങളിൽ ഒന്നുമാണ് LCBO.
ആംഹെസ്റ്റ്ബർഗിലെ (Amherstburg) ഒരു ബോട്ടിലിംഗ് പ്ലാൻ്റ് 2026 ഫെബ്രുവരിയോടെ അടച്ചുപൂട്ടാൻ ഡയാജിയോ കമ്പനി തീരുമാനിച്ചിരിന്നു. ഇതിനെ തുടർന്നാണ് ഫോർഡ് കമ്പനിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. പ്ലാൻ്റ് പൂട്ടിയാൽ 170 ജീവനക്കാരെ ബാധിക്കുമെന്നും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും ഫോർഡ് ആരോപിച്ചു. പ്രതിഷേധ സൂചകമായി,ഒരു വാർത്താ സമ്മേളനത്തിനിടെഒരു കുപ്പി ക്രൌൺ റോയൽ വിസ്കി മുഴുവൻ പുറത്തേക്കൊഴുക്കി കളഞ്ഞത് വൈറലായിരുന്നു.
തിങ്കളാഴ്ച ക്യുബെക് സിറ്റിയിൽ നടന്ന നേതാക്കളുടെ ഉച്ചകോടിയിൽ, ഡയാജിയോ നിർമ്മിത ഉൽപ്പന്നങ്ങൾ സ്റ്റോർ ഷെൽഫുകളിൽ നിന്ന് പിൻവലിക്കുമെന്ന ഭീഷണി ഫോർഡ് ആവർത്തിച്ചു. ഇതിൻ്റെയെല്ലാം ഉത്തരവാദിത്തം കമ്പനിയുടമകൾക്ക് ആയിരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇത് LCBO-ക്ക് തൊഴിൽ നഷ്ടമോ വരുമാന നഷ്ടമോ ഉണ്ടാക്കില്ല. തൊഴിലുകളും വരുമാനവും നഷ്ടപ്പെടുത്തുന്നത് ഡയാജിയോയ്ക്ക് മാത്രമാണെന്നും ഫോർഡ് പറഞ്ഞു. പ്ലാൻ്റിലെ അവസാനത്തെയാൾ പുറത്തിറങ്ങുമ്പോൾ തന്നെ ഞങ്ങൾ ക്രൗൺ റോയലിനെ ഷെൽഫുകളിൽ നിന്ന് പിൻവലിക്കുമെന്ന് ഫോർഡ് മുന്നറിയിപ്പ് നൽകി.







