ഒന്റാരിയോ: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായുള്ള 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കിയതായി ഒന്റാരിയോ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ സ്‌പേസ് എക്‌സിന് പ്രവിശ്യ നൽകേണ്ട കിൽ ഫീസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എനർജി, മൈൻസ് മിനിസ്റ്റർ സ്റ്റീഫൻ ലക്‌സെ ഉത്തരം നൽകിയില്ല. സർക്കാർ കരാർ റദ്ദാക്കിയെന്ന് സ്ഥിരീകരിക്കുന്നതായി വാർത്താസമ്മേളനത്തിൽ ലക്‌സെ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾക്കും കാനഡയെ 51 ആം സംസ്ഥാനമാക്കണമെന്ന പ്രസ്താവനകൾക്കുമെതിരെയുള്ള പ്രതികാര നടപടികളുടെ ഭാഗമായാണ് ഫോർഡ് സർക്കാർ കരാർ റദ്ദാക്കിയത്.
റൂറൽ, നോർത്തേൺ ഒന്റാരിയോയിലെ 15,000 താമസക്കാർക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള കരാർ കഴിഞ്ഞ വർഷമാണ് ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ കിംഗ സുർമ പ്രഖ്യാപിച്ചത്. ജൂണിൽ പ്രവർത്തനക്ഷമമാക്കാൻ നിശ്ചയിച്ചിരുന്ന കരാർ ഹാർഡ്‌വെയർ, ഇൻസ്റ്റാളേഷൻ ചെലവുകൾ വഹിക്കുമായിരുന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക തീരുവ ചുമത്തിയാൽ ഫെബ്രുവരിയിൽ കരാർ റദ്ദാക്കുമെന്ന് ഡഗ് ഫോർഡ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ പ്രസ്താവനകളോട് അനുകൂലമായി നിന്ന മസ്‌കിന്റെ കരാർ ട്രംപ് തീരുവകളുമായി മുന്നോട്ട് പോയപ്പോൾ റദ്ദാക്കുന്നതായി ഫോർഡ് അറിയിച്ചു.