യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണി മണ്ടത്തരവും ബാലിശവുമെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു. അദ്ദേഹം. ഇത്തരം ബാലിശമായ ഭീഷണിപ്പെടുത്തൽ അയൽ രാജ്യത്തോടും, സുഹൃത്തിനോടും, സഖ്യകക്ഷിയോടും പെരുമാറാനുള്ള മാർഗമല്ലെന്നും പ്രീമിയർ പറഞ്ഞു. കാനഡക്കാർ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുന്നതിനും യുഎസിലേക്കുള്ള യാത്രകൾ റദ്ദാക്കുന്നതിനും ഇതുതന്നെയാണ് കാരണമെന്നും അദ്ദേഹം അറിയിച്ചു.
ഓഗസ്റ്റ് 1-ഓടെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ഏർപ്പെടുത്തുമെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതേസമയം ട്രംപിന്റെ പുതിയ വ്യാപാര ഭീഷണികൾക്കെതിരെ തൊഴിലാളികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമൊപ്പം കനേഡിയൻ സർക്കാർ ഉറച്ചു നിൽക്കുമെന്ന് മാർക്ക് കാർണി വ്യക്തമാക്കി.







