മാറുന്ന ലോക യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അമേരിക്ക അംഗീകരിക്കണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഭാവിയിലെ ചര്‍ച്ചകളിലൂടെ ആണവായുധ പദ്ധതി ഉപേക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. കിം ജോങ് ഉന്നിന് വേണ്ടി പലപ്പോഴും മാധ്യമങ്ങളോട് സംസാരിക്കുന്ന രാജ്യത്തെ ശക്തരായ നേതാക്കളില്‍ ഒരാളാണ് കിം യോ ജോങ്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വ്യക്തിബന്ധം ‘മോശമല്ല’ എന്ന് സമ്മതിച്ച അവര്‍, ഈ ബന്ധം ഉപയോഗിച്ച് ഉത്തരകൊറിയയുടെ ആണവായുധ പദ്ധതി അവസാനിപ്പിക്കാന്‍ യുഎസ് ശ്രമിച്ചാല്‍ അത് പരിഹാസത്തിന് ഇടയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആണവായുധ ശേഷിയെ അംഗീകരിക്കാതെ യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് കിം യോ ജോങ് നല്‍കിയിരിക്കുന്നത്. അതേസമയം, ആണവ രഹിത ഉത്തരകൊറിയയെ സൃഷ്ടിക്കുന്നതില്‍ ട്രംപ് ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് വൈറ്റ് ഹൗസ്പ്രതികരിച്ചു.