എഡ്മണ്ടനിലെ പുതിയ മേയറെയും സിറ്റി കൗൺസിലർമാരെയും അറിയാൻ ഇനിയും വൈകുമെന്ന് സിറ്റി അധികൃതർ. ജീവനക്കാരുടെ കുറവ്, വൈദ്യുതി തടസ്സങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പല ഘടകങ്ങളും ഇതിന് കാരണമാണെന്നും എഡ്മണ്ടൻ ഇലക്ഷൻസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാത്രിയിലും അടുത്ത ദിവസവും വോട്ടെണ്ണൽ മന്ദഗതിയിലാകാൻ ഇത് കാരണമായി. വോട്ടെടുപ്പിൻ്റെ വിശ്വാസ്യതയും കൃത്യതയും ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്നുണ്ടെന്നും, പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുമെന്ന് അറിയാമെന്നും സീനിയർ കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ജെനിഫർ റെന്നർ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ മേയർ തിരഞ്ഞെടുപ്പിലെ പകുതി പോളുകളുടെ ഫലം മാത്രമേ പുറത്തുവിട്ടിരുന്നുള്ളൂ.
ആൽബർട്ട സർക്കാർ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് ടാബുലേറ്ററുകൾ നിരോധിച്ചതിനെത്തുടർന്ന് ഇത്തവണ ബാലറ്റുകൾ കൈകൊണ്ടാണ് എണ്ണുന്നത്. ഫലങ്ങൾ വൈകാൻ ഇത് ഒരു പ്രധാന കാരണമായി. തിരഞ്ഞെടുപ്പ് രാത്രിയിൽ വോട്ടിങ് സ്റ്റേഷനിൽ വൈദ്യുതി തടസ്സമുണ്ടായതിനെ തുടർന്ന് കേന്ദ്രം അടച്ചുപൂട്ടുകയും മാറ്റി സ്ഥാപിക്കുകയും ചെയ്യേണ്ടി വന്നു. തിങ്കളാഴ്ച രാത്രി 10:30 ഓടെയാണ് ഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയത്. കൗണ്ടിങ് നിർത്തുമ്പോൾ ഏകദേശം 60% ബാലറ്റുകളാണ് എണ്ണിത്തീർന്നത്. ബാക്കിയുള്ള എണ്ണാത്ത ബാലറ്റുകളും പ്രത്യേക ബാലറ്റുകളും ഇപ്പോൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും പ്രാഥമിക ഫലങ്ങൾ ബുധനാഴ്ച പുറത്തുവിടാനാണ് ലക്ഷ്യമിടുന്നതെന്നും എഡ്മണ്ടൻ ഇലക്ഷൻസ് കൂട്ടിച്ചേർത്തു.







