ഓട്ടവ: രാജ്യത്ത് പുതിയ കുടിയേറ്റക്കാരെ ആവശ്യമില്ലെന്നാണ് കാനഡയിൽ താമസിക്കുന്ന ഭൂരിഭാഗം പേരുടെയും നിലപാടെന്ന് പുതിയ സർവ്വെ. പുതുതായി രാജ്യത്തേക്ക് വരുന്നവർ അവരുടെ പാരമ്പര്യങ്ങൾ ഉപേക്ഷിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ആളുകൾക്ക് ഭിന്നാഭിപ്രായമാണ് ഉള്ളതെന്നും സർവ്വെ ഫലം പറയുന്നു.
ലെഗർ നടത്തിയ ഒരു ദേശീയ സർവേയിൽ കാനഡയിൽ താമസിക്കുന്നവരിൽ 60 ശതമാനവും “കാനഡയ്ക്ക് പുതിയ കുടിയേറ്റക്കാരെ ആവശ്യമുണ്ട്” എന്ന ആശയത്തോട് വിയോജിക്കുന്നവരാണെന്ന് കണ്ടെത്തി. ആൽബെർട്ട (65%), ഒൻ്റാരിയോ (63%), ക്യൂബെക്ക് (61%) എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും ശക്തമായ എതിർപ്പ് ഉയർന്നത്, മാനിറ്റോബ, സസ്‌കാച്ചെവൻ (60%), അറ്റ്ലാൻ്റിക് പ്രവിശ്യകൾ (56%), ബ്രിട്ടീഷ് കൊളംബിയ (48%) എന്നിവിടങ്ങളിലും സമാനമായ ഫലങ്ങളാണുള്ളത്.
എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാൻ കാനഡയിലെ കുടിയേറ്റക്കാർ കൂടുതൽ തുറന്ന മനസ്സുള്ളവരാണെന്ന് വോട്ടെടുപ്പ് വ്യക്തമാക്കുന്നു. ഏകദേശം 52 ശതമാനം കുടിയേറ്റക്കാർ കാനഡയ്ക്ക് കൂടുതൽ കുടിയേറ്റക്കാരെ ആവശ്യമാണെന്ന് പറഞ്ഞു, അതേസമയം കുടിയേറ്റക്കാരല്ലാത്തവരിൽ 37 ശതമാനം പേർ മാത്രമാണ് ഇക്കാര്യം സമ്മതിച്ചത്. അത് പോലെ കുടിയേറ്റക്കാരിൽ പകുതിയോളം പേർ (48% പേർ) കൂടുതൽ കുടിയേറ്റത്തെ അംഗീകരിക്കുന്നില്ല.







