പ്രവിശ്യാ സർക്കാരുമായി വീണ്ടും ചർച്ചകൾ നടന്നെങ്കിലും, പണിമുടക്ക് തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് സ്ഥിരീകരിച്ച് ആൽബർട്ട ടീച്ചേഴ്സ് അസ്സോസിയേഷൻ (ATA). വാരാന്ത്യത്തിൽ കരാറിലെത്തിയാൽ പോലും, അതിന് അംഗീകാരം ലഭിക്കാൻ ഒരാഴ്ച എടുക്കുമെന്നതിനാൽ സമരം ഒഴിവാക്കാനാകില്ലെന്ന് ATA പ്രസിഡന്റ് ജേസൺ ഷില്ലിങ് അറിയിച്ചു. യൂണിവേഴ്സിറ്റി പ്രവേശനത്തിനായി തയ്യാറെടുക്കുന്ന ഗ്രേഡ് 12 വിദ്യാർത്ഥികളാണ് പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിക്കുക. തങ്ങളുടെ ഭാവി പദ്ധതികളും പരീക്ഷകളും അനിശ്ചിതത്വത്തിലായെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.
എന്നാൽ ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ വിവിധ സഹായ നടപടികൾ ആൽബർട്ട സർക്കാർ പ്രഖ്യാപിച്ചു. ദൂരവിദ്യാഭ്യാസത്തിനുള്ള ക്രെഡിറ്റ് പരിധി താത്കാലികമായി എടുത്തു കളഞ്ഞു. കൂടാതെ, 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ശിശുപരിപാലന ചെലവുകൾക്ക് സഹായമായി ഒരു വിദ്യാർത്ഥിക്ക് ദിവസം 30 ഡോളർ വീതം രക്ഷിതാക്കൾക്ക് നൽകും. ഹോം എഡ്യൂക്കേഷൻ പ്രോഗ്രാമുകൾക്ക് ധനസഹായം നൽകുമെന്നും 18 വയസ്സിന് താഴെയുള്ളവർക്ക് പൈതൃക കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. അക്കാദമിക് പഠനത്തോടൊപ്പം, ഫുട്ബോൾ പോലുള്ള കായിക ഇനങ്ങളിലെ വിദ്യാർത്ഥികളുടെ കരിയറിനെയും സമരം ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്.







