കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ നാട്ടുകല്‍ സ്വദേശിയായ യുവതിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ രോഗബാധ സംശയിച്ചിരുന്ന യുവതിയുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തില്‍ നിപ പോസിറ്റീവാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രോഗിയുടെ സമ്പർക്കപട്ടിക കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, നിപ വ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടും.