നയാഗ്ര-ഓൺ-ദി-ലേക്കിൽ നിർമ്മിക്കുന്ന ആഡംബര ഹോട്ടൽ പദ്ധതിക്ക് 904,819 ഡോളർ ഡെവലപ്‌മെന്റ് ഫീസ് ഒഴിവാക്കി നൽകാനുള്ള നയാഗ്ര റീജിനൽ കൗൺസിലിന്റെ തീരുമാനം വിവാദമാകുന്നു. കടുത്ത വിയോജിപ്പുകൾക്കിടയിൽ നടന്ന വോട്ടെടുപ്പിനൊടുവിലാണ് കൗൺസിൽ ഈ വൻ ഇളവ് അനുവദിച്ചത്. കൗൺസിലർമാരുടെ യോഗത്തിൽ 14-നെതിരെ 11 വോട്ടുകൾക്കാണ് ഈ ആവശ്യം അംഗീകരിക്കപ്പെട്ടത്. സുതാര്യതയെക്കുറിച്ചും നികുതിദായകർക്ക് ഇത് വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും കൗൺസിലിൽ വലിയ തർക്കമാണ് ഉയർന്നത്. ടു സിസ്റ്റേഴ്‌സ് റിസോർട്ട്സ് കോർപ്പറേഷൻ കിങ് സ്ട്രീറ്റിൽ നിർമ്മിക്കുന്ന ഹോട്ടലിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് കേന്ദ്രത്തിനാണ് ഈ ഇളവ്.
പദ്ധതിയുടെ തുടക്കത്തിൽ ഹോട്ടലിനോട് ചേർന്ന് ഉപരിതല പാർക്കിങ് ആയിരുന്നു ഡിസൈനിൽ പറഞ്ഞിരുന്നത്; എന്നാൽ, നഗരത്തിന്റെ പൈതൃക തനിമയെയും സൗന്ദര്യത്തെയും ഇത് ബാധിക്കുമെന്ന പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് നിർമ്മാതാക്കൾ പാർക്കിങ് സൗകര്യം അണ്ടർഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. നിർമ്മാണച്ചെലവ് കൂടുമെങ്കിലും പരിസ്ഥിതിക്കും നഗരത്തിനും ഇത് ഗുണകരമാകുമെന്ന് അധികൃതരും വിലയിരുത്തിയിരുന്നു. സാധാരണയായി നയാഗ്ര റീജിയനിലെ നിയമപ്രകാരം അണ്ടർഗ്രൗണ്ട് നിർമ്മാണങ്ങൾക്കും ഫീസ് ബാധകമാണ്. എന്നാൽ നയാഗ്ര-ഓൺ-ദി-ലേക്ക് ടൗൺ ഇത്തരം ഫീസുകൾ ഒഴിവാക്കി നൽകാറുണ്ട്. ഈ സാഹചര്യത്തിലാണ് റീജിനൽ ഫീസിലും ഇളവ് വേണമെന്ന ആവശ്യവുമായി നിർമ്മാതാക്കൾ സമീപിച്ചത്.







