ഓട്ടവ: കാനഡയിൽ എൽഎംഐഎയ്ക്ക് അപേക്ഷിക്കുന്ന തൊഴിലുടമകൾക്ക് പുതിയ നിയമങ്ങൾ. ഇതനുസരിച്ച് Labour Market Impact Assessment (LMIA) അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾ ഇനി മുതൽ ജോബ് ബാങ്കിലെ “Direct Apply” സൗകര്യം നിർബന്ധമായും ഉപയോഗിക്കണം. ജോബ് ബാങ്ക് വഴി വരുന്ന എല്ലാ അപേക്ഷകളും തൊഴിലുടമകൾ പരിഗണിക്കേണ്ടതുണ്ടെന്നും, അവ നിരസിക്കുകയോ അവഗണിക്കുകയോ ചെയ്താൽ LMIA അപേക്ഷ തള്ളപ്പെടുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
LMIA പ്രക്രിയയിലൂടെ വിദേശ തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന കനേഡിയൻ തൊഴിലുടമകൾ ആദ്യം പ്രാദേശിക തൊഴിലാളികളെ നിയമിക്കാൻ ശ്രമിച്ചുവെന്ന് തെളിയിക്കണമായിരുന്നു. അതിനായി മുൻപ് ജോബ് ബാങ്കിൽ കുറഞ്ഞത് നാല് ആഴ്ച വിജ്ഞാപനം നൽകുകയും, കൂടാതെ രണ്ട് മറ്റു റിക്രൂട്ട്മെൻ്റ് മാർഗങ്ങൾ ഉപയോഗിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ “Direct Apply” നിർബന്ധമല്ലായിരുന്നു. ഇപ്പോൾ അത് നിർബന്ധമായതോടെ തൊഴിലുടമകൾക്ക് നിയമന നടപടികളിൽ കൂടുതൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
പുതിയ സംവിധാനം LMIA അപേക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യമായി പാലിക്കുന്നതിനും സഹായകരമാകും. തൊഴിലുടമകൾ നിയമലംഘനം നടത്തിയാൽ ഭാവിയിലെ LMIA അപേക്ഷകളെ ബാധിക്കാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.







