രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ് ആക്ട്’ ഈ ആഴ്ച തന്നെ പാസാക്കുക എന്ന ലക്ഷ്യത്തോടെ ചർച്ചകൾ വേഗത്തിലാക്കി പാർലമെൻ്റ് അംഗങ്ങൾ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ പുതിയ നടപടികൾ പ്രഖ്യാപിച്ചത്. ഇതിനായി കാനഡ അഞ്ച് വർഷത്തിനുള്ളിൽ 1,240 കോടി ഡോളർ ചെലവിടും.
പുതിയ പ്രഖ്യാപനം അനുസരിച്ച് അടുത്ത അഞ്ച് വർഷത്തേക്ക് ജിഎസ്ടി ക്രെഡിറ്റിൽ 25% വർധന നടപ്പിലാക്കും. കൂടാതെ, ഏപ്രിൽ-മെയ് മാസങ്ങളിലായി ക്രെഡിറ്റിന്റെ 50% തുക പ്രത്യേക പെയ്മെന്റായി ഒറ്റത്തവണ നൽകുകയും ചെയ്യും. ഈ ഒറ്റത്തവണ പെയ്മെന്റിന് മാത്രം ഈ വർഷം 310 കോടി ഡോളർ ചിലവാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2031 വരെയുള്ള ഓരോ വർഷവും ഏകദേശം 170 കോടി മുതൽ 190 കോടി ഡോളർ വരെയാണ് ക്രെഡിറ്റ് വർധനവിനായി അധികമായി ചിലവിടേണ്ടി വരിക.
കുറഞ്ഞ വരുമാനമുള്ള ഏകദേശം 1.2 കോടിയിലധികം കനേഡിയൻ പൗരന്മാർക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകും. മൂന്ന് മാസത്തിലൊരിക്കലാണ് സാധാരണയായി ജിഎസ്ടി ക്രെഡിറ്റ് നൽകുന്നത്. സർക്കാരിന്റെ ഈ നീക്കത്തെ ‘ഒരു താൽക്കാലിക ആശ്വാസം’ എന്ന് വിശേഷിപ്പിച്ചെങ്കിലും, പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ് അദ്ദേഹത്തിന്റെ പാർട്ടിയും ഈ പദ്ധതിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.







