പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന പണം പിടികൂടി. 18,46,000 രൂപയുമായി തമിഴ്നാട് സ്വദേശിയായ യുവാവ് ആണ് പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി പുളിയാൻ കുടി ജിന്ന നഗറിൽ താമസിക്കുന്ന മുഹമ്മദ് അബ്ദുൾ റഹിമാൻ (28) ആണ് അറസ്റ്റിലായത്. വിദേശ കറൻസി വ്യാപാരത്തിൻറെ ഇടനിലക്കാരനായ യുവാവ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പണവുമായി പോകുന്നതിനിടെയാണ് പാലക്കാട് വെച്ച് പിടിയിലായത്.
പൊലീസിൻറെ പരിശോധന ഭയന്ന് തുണികൊണ്ട് നിർമിച്ച പ്രത്യേക ബെൽറ്റിനുള്ളിൽ പണം നിറച്ച് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ട്രെയിനിൻറെ ടോയ്ലെറ്റിൽ ഒളിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ട്രെയിനിൻറെ ടോയ്‌ലെറ്റുകൾ തുറന്ന് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡീഷണൽ ഡയറക്ടർക്ക് കൈമാറി.
പാലക്കാട് ആർപിഎഫ് കമാൻഡൻറ് നവീൻ പ്രസാദിൻറെ നിർദേശപ്രകാരം സിഐ സൂരജ് എസ് കുമാറിൻറെ നേതൃത്വത്തിൽ എസ്ഐ ബിനോയ് കുര്യൻ, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ, സജി അഗസ്റ്റിൻ ,ഹെഡ്കോൺസ്റ്റബിൾ വിജേഷ്, കോൺസ്റ്റബിൾമാരായ പ്രവീൺ, ശ്രീജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.







