ലോസ് ഏഞ്ചൽസിൽ സംഗീത നിശാപാർട്ടിക്കുശേഷം നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വെടിവെപ്പുണ്ടായത്. പാർട്ടി നടന്ന സ്ഥലത്ത് ഞായറാഴ്ച രാത്രി 11 മണിയോടെ പൊലീസ് പരിശോധന നടത്തിയിരുന്നു. അൻപതിൽ അധികം പേർ പങ്കെടുത്ത ഈ പാർട്ടിയിൽ നിന്ന് തോക്ക് കൈവശം വെച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
വെടിവെപ്പിൽ ഒരു പുരുഷൻ സംഭവസ്ഥലത്തും 52 വയസ്സുള്ള സ്ത്രീ ആശുപത്രിയിലും മരണപ്പെട്ടു. പരുക്കേറ്റ ആറ് പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നും പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.