ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഹെൽത്ത് കാനഡയിൽ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടും. വകുപ്പിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുകൾ ലഭിച്ചുകഴിഞ്ഞു. അതേസമയം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നവർ, ഭക്ഷ്യസുരക്ഷാ വിദഗ്ധർ എന്നിവർക്ക് ജോലി നഷ്ടപ്പെടുന്നത് കാനഡയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ അപകടത്തിലാക്കുമെന്ന് പിഎസ്എസി (PSAC), പിഐപിഎസ് സി (PIPSC) തുടങ്ങിയ യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹെൽത്ത് കാനഡയ്ക്ക് പുറമെ സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ഗ്ലോബൽ അഫയേഴ്സ് കാനഡ തുടങ്ങിയ വകുപ്പുകളിലും വൻതോതിലുള്ള പിരിച്ചുവിടലുകൾ നടക്കുന്നുണ്ട്.
വിദഗ്ധരായ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ജോലി നഷ്ടപ്പെടുന്നത് കാനഡയുടെ ആരോഗ്യമേഖലയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പുതിയ രോഗബാധകൾ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള കാനഡയുടെ ശേഷി വളരെയധികം കുറഞ്ഞ കാലഘട്ടത്തിൽ ഈ മാറ്റങ്ങള്‍ പ്രതികൂലമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രത്യേകിച്ച് മരുന്നുകളുടെയും ആരോഗ്യ ഉൽപ്പന്നങ്ങളുടെയും വിതരണത്തിൽ കൃത്യമായ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഈ കൂട്ടപ്പിരിച്ചുവിടല്‍ ജീവനക്കാരുടെ പ്രശ്നം മാത്രമല്ലെന്നും ഓരോ കനേഡിയൻ പൗരന്റെയും ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന മാറ്റമാണെന്നും പിഐപിഎസ് സി (PIPSC) പ്രസിഡന്റ് ഷോൺ ഒറെയ്ലി പറഞ്ഞു.







