newsroom@amcainnews.com

കാനഡയുടെ ‘മൻമോഹൻ സിങ്’! മാർക്ക് കാർണി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യനായ സാമ്പത്തിക വിദഗ്ധനായ രാഷ്ട്രീയക്കാരൻ

ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. അമേരിക്ക ആരംഭിച്ച വ്യാപാരയുദ്ധത്തിന്റെയും കാനഡ അഭിമുഖീകരിക്കുന്ന കുടിയേറ്റപ്രതിസന്ധിയുടെയും ഇടയിലാണ് മാർക്ക് കാർണി പ്രധാനമന്ത്രി കസേരയിലേക്ക് എത്തുന്നത്. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായി പ്രവർത്തിച്ചയാളാണ് 59-കാരനായ മാർക്ക് കാർണി.

ഇഴഞ്ഞുനീങ്ങിയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ആഗോള മത്സര രംഗത്തേക്ക് തുറന്നുവിടുകയും സമ്പൂർണ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത ഇന്ത്യയിലെ എക്കാലത്തെയും പ്രമുഖ സാമ്പത്തിക വിദഗ്ധനായിരുന്ന ഡോ. മൻമോഹൻ സിങ്ങിനോട് ഉപമിക്കാൻ സാധിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് മാർക്ക് കാർണി. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിൽ പിടിച്ചുനിൽക്കാൻ കാനഡയെ സഹായിച്ചതിലൂടെ ഗോൾഡ്മാൻ സാക്‌സിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു കാർണി. ഇതിലൂടെയാണ് അദ്ദേഹത്തിന്റെ പ്രശസ്തി വർധിച്ചത്. നിലവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സർവേകളിൽ കാർണിയെ കാനഡക്കാർ വിശേഷിപ്പിക്കുന്നത്.

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവയുദ്ധത്തിലുലയാതെ കാനഡയുടെ സമ്പദ്‍വ്യവസ്ഥയെ താങ്ങിനിർത്തുകയെന്നതാണ് സാമ്പത്തിക വിദഗ്ധൻ കൂടിയായ കാർണിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. യുഎസ് തങ്ങളോട് ആദരം കാണിക്കുന്നതുവരെ പകരച്ചുങ്കം ചുമത്തുമെന്നാണ് കാർണിയുടെ നിലപാട്. ഞായറാഴ്ചയാണ് ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവായി കാർണിയെ തിരഞ്ഞെടുത്തത്. ജനുവരിയിൽ രാജിവെച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായാണ് കാർണി ഈ സ്ഥാനത്തെത്തുന്നത്. ഒക്ടോബർ 20-ന് പൊതുതിരഞ്ഞെടുപ്പ് നടത്തുംവരെയാണ് കാലാവധി.

24 അംഗങ്ങളാണ് കാർണി മന്ത്രിസഭയിലുള്ളത്. ട്രൂഡോ മന്ത്രിസഭയിലുണ്ടായിരുന്ന മെലാനി ജോളിതന്നെ വിദേശകാര്യമന്ത്രിയായി തുടരും. മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റീയ ഫ്രീലാൻഡിന് ഗതാഗതവകുപ്പാണ്. ഡൊമിനിക് ലെ ബ്ലാങ്കിനാണ് അന്താരാഷ്ട്ര വ്യാപാരവകുപ്പ്. അനിത ആനന്ദ് (ശാസ്ത്രം, വ്യവസായം), കമൽ ഖേര (ആരോഗ്യം) എന്നിവർ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരാണ്.

ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് ഉലഞ്ഞ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. പാർലമെന്റ് തുടങ്ങിയാൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ, കാർണി ഒക്ടോബറിലെ തെരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

You might also like

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

Top Picks for You
Top Picks for You