സ്വകാര്യ നഴ്സിങ് ഏജൻസികളുടെ എണ്ണം എൺപതിൽ നിന്ന് നാലായി കുറയ്ക്കുമെന്ന് മാനിറ്റോബ സർക്കാർ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നൽകുന്ന വൻതുക ലാഭിക്കാനും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താനുമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ഉസോമ അസഗ്വാര വ്യക്തമാക്കി. സ്വകാര്യ ഏജൻസികൾ വഴിയുള്ള നഴ്സിങ് സേവനം ഇനി മുതൽ സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന നാല് ഏജൻസികളിലൂടെ മാത്രമായിരിക്കും ലഭ്യമാകുക. മിക്ക നഴ്സുമാരും പൊതുസംവിധാനത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, ഈ പരിഷ്കാരം ആശുപത്രികളിൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാക്കുമെന്ന് മാനിറ്റോബ നഴ്സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. പ്രധാനമായും ഗ്രാമീണ മേഖലയിലെ ആശുപത്രികളിൽ ഷിഫ്റ്റുകൾ പൂർത്തിയാക്കാൻ ആവശ്യത്തിന് നഴ്സുമാരില്ലാത്ത സാഹചര്യം നിലവിലുണ്ട്. നഴ്സുമാർക്ക് നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങളിൽ കുറവുണ്ടാകുന്നത് അവരെ പൊതുസംവിധാനത്തിലേക്ക് മാറുന്നതിൽ നിന്ന് പിന്നോട്ടടിക്കുമെന്നും യൂണിയൻ വിമർശിച്ചു. കൃത്യമായ മുന്നൊരുക്കമില്ലാതെ ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കുന്നത് രോഗീപരിചരണത്തെ ബാധിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ഡാർലിൻ ജാക്സൺ ചൂണ്ടിക്കാട്ടി.







