വാൻകൂവർ: വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറുവിമാനം പിടിച്ചെടുത്ത് പറത്തിയ ആൾക്കെതിരെ ഹൈജാക്കിംഗ്, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി. വിക്ടോറിയ ആസ്ഥാനമായുള്ള മുൻ വാണിജ്യ വിമാനക്കമ്പനിയുടെ പൈലറ്റ് ഷഹീർ കാസിം ഉൾപ്പെട്ട കേസിലാണ് ബിസി പ്രവിശ്യാ കോടതിയുടെ നടപടി. ഇയാളുടെ നടപടി സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നു.
വിക്ടോറിയ വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പാണ് ചെറിയ സെസ്ന വിമാനം പറന്നുയർന്നത്. നേരെ വാൻകൂവർ വിമാനത്താവളത്തിലേക്ക് പറന്നതിനു ശേഷം ഏകദേശം 25 മിനിറ്റ് നേരം അത് ആകാശത്ത് ചുറ്റിത്തിരിഞ്ഞു. ഇതേ തുടർന്നാണ് റാഞ്ചൽ സ്ഥിരീകരിച്ചത്. എന്നാൽ ഉച്ചയ്ക്ക് 1:45 ന് അത് YVR-ൽ ഇറങ്ങിയതായി പോലീസ് പറഞ്ഞു. താടി വച്ച പൈലറ്റ് പുറത്തുവരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിമാനത്താവളത്തിന് മുകളിൽ സെസ്ന വിമാനം ചുറ്റിത്തിരിഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് എഫ്-15 യുദ്ധവിമാനങ്ങളും പറന്നുയർന്നിരുന്നു. പ്രതികരിക്കാൻ തയ്യാറായി കൂടുതൽ എഫ്-18 യുദ്ധവിമാനങ്ങളെ തയ്യാറാക്കി നിർത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആർസിഎംപി പുറത്ത് വിട്ടിട്ടില്ല. എന്നാൽ എന്തിനോടോ ഉള്ള പ്രതിഷേധത്തിൻ്റെ സൂചനയായിട്ടാണ് ഷഹീർ കാസിം വിമാനം തട്ടിയെടുത്തതെന്നാണ് സൂചന.