കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ടിക്ക്(ചെള്ള്) വഴി പകരുന്ന പകർച്ചവ്യാധി സെലിബ്രിറ്റികൾക്കിടയിലും വ്യാപിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കൻ ഗായകൻ ജസ്റ്റിൻ ടിംബർലേക്ക് തനിക്ക് രോഗം ബാധിച്ചതായി അറിയിച്ചിരുന്നു. ലൈം രോഗത്തിന്റെ ലക്ഷണങ്ങൾ ചിലപ്പോൾ കഠിനമായി മാറാറുണ്ട്. സമീപ വർഷങ്ങളിൽ കനേഡിയൻ സംഗീതജ്ഞരായ ജസ്റ്റിൻ ബീബർ, അവ്രിൽ ലാവിഗ്നെ, ഷാനിയ ട്വെയ്ൻ എന്നിവരും രോഗം പിടിപെട്ടവരിൽ ഉൾപ്പെടുന്നു. ഇത് വർഷങ്ങളോളം നിലനിൽക്കുകയും ചെയ്യും.
ഉയർന്ന താപനിലയിൽ ടിക്കുകൾ പെരുകും. രോഗബാധിതരായ ടിക്കുകളുടെ കടിയിലൂടെ ലൈം രോഗം മനുഷ്യരിലേക്ക് പടരുന്നു. താപനില പൂജ്യത്തിന് മുകളിൽ ആയിരിക്കുമ്പോഴും തണുപ്പ് കുറഞ്ഞുതുടങ്ങുമ്പോഴും ടിക്കുകൾ സജീവമാകുമെന്നും ഇത് സമ്മർ സീസൺ മുഴുവൻ അപകടസാധ്യത സൃഷ്ടിക്കുമെന്നും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിൽ ലൈം രോഗ കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ(PHAC) പറയുന്നു. 2024 ൽ രാജ്യത്ത് 5,239 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദശാബ്ദം മുമ്പ് 2014 ൽ 522 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ. അതേസമയം, യുഎസിൽ 2023 ൽ 89,470 ലൈം ഡിസീസ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) പറയുന്നു. 2013 ൽ 36,308 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൃഗങ്ങളുടെ എണ്ണം വർധിക്കുന്നതും കാലാവസ്ഥാ വ്യതിയാനവും ടിക്കുകൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ലൈം രോഗത്തെക്കുറിച്ചുള്ള ആളുകളുടെ അവബോധത്തിന്റെ കുറവും രോഗം വർധനയ്ക്ക് കാരണമായതായി പിഎച്ച്എസി ചൂണ്ടിക്കാട്ടുന്നു.