ഓട്ടവ: വേതന വർദ്ധനയുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പിലെത്താൻ സാധിക്കാത്തതിനെ തുടർന്ന് പണിമുടക്കുന്ന ആൽബെർട്ടയിലെ 51,000 അധ്യാപകർക്ക് എംപ്ലോയർമാരുടെ പ്രതിനിധി സമിതിയായ ടീച്ചേഴ്സ് എംപ്ലോയർ ബാർഗെയ്‌നിംഗ് അസോസിയേഷൻ ലോക്കൗട്ട് നോട്ടീസ് നൽകി. അധ്യാപക സംഘടനയായ ആൽബെർട്ട ടീച്ചേഴ്സ് അസോസിയേഷൻ പണിമുടക്ക് തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. TEBA പുറത്തിറക്കിയ ലോക്കൗട്ട് നോട്ടീസ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
അപ്രതീക്ഷിത സമരമുറകൾ തടയുന്നതിനും സ്കൂളുകളിലെ സേവന തടസ്സം ഒഴിവാക്കുന്നതിനുമാണ് ലോക്കൗട്ട് പ്രഖ്യാപിച്ചതെന്ന് എംപ്ലോയർമാർ വിശദീകരിക്കുന്നു. ഇതോടെ പ്രവിശ്യയിലെ പൊതു, കാത്തലിക് സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ചർച്ചകളിലൂടെ നാല് വർഷത്തിനിടെ 12 ശതമാനം ശമ്പള വർദ്ധനവും, 3,000 പുതിയ ടീച്ചർ തസ്തികകൾ ഉൾപ്പെടെയുള്ള മറ്റ് വാഗ്ദാനങ്ങളും ഉൾപ്പെടുന്ന താൽക്കാലിക കരാർ രൂപപ്പെടുത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞയാഴ്ച നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 90 ശതമാനത്തോളം അധ്യാപകരും ഈ വാഗ്ദാനം തള്ളിക്കളഞ്ഞതോടെയാണ് സമരം ആരംഭിക്കാൻ ATA തീരുമാനിച്ചത്. അധ്യാപകരും എംപ്ലോയർമാരും തമ്മിലുള്ള ഈ ഭിന്നത കാരണം പ്രവിശ്യയിലെ വിദ്യാഭ്യാസ രംഗം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലെ ചർച്ചകൾക്കായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.







