newsroom@amcainnews.com

ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോർത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാൻ ‘ക്രിക്കറ്റ് ടൂറിസം’ പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: കെസിഎൽ സമ്മാനിച്ച ക്രിക്കറ്റ് ആവേശവും ആദ്യ സീസണിൻ്റെ വൻവിജയവും കണക്കിലെടുത്ത് ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോർത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. കേരള ക്രിക്കറ്റ് ലീഗിനെ കേരളത്തിന്റെ ടൂറിസവുമായി കോർത്തിണക്കി കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ‘ക്രിക്കറ്റ് ടൂറിസം’ പദ്ധതി യാഥാർത്ഥ്യമാക്കുവാനാണ് നീക്കം. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് വിപുലമായ പദ്ധതികൾക്കാണ് കെ.സി.എ രൂപം നൽകുന്നത്. കേവലം കളിക്കളത്തിലെ പ്രകടനങ്ങൾക്കപ്പുറം, ക്രിക്കറ്റിനെ ഒരു സാംസ്‌കാരിക അനുഭവമാക്കി മാറ്റി, അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുകയാണ് ലക്ഷ്യം.

കഴിഞ്ഞ വർഷം ആരംഭിച്ച കേരള ക്രിക്കറ്റ് ലീഗാണ് പദ്ധതിയുടെ നട്ടെല്ല്. പ്രാദേശിക ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ, ജില്ലകൾക്കിടയിൽ വലിയ ആരാധക പ്രവാഹം ഉണ്ടാകുമെന്നാണ് കെ.സി.എയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരത്ത് നടക്കുന്ന മത്സരം കാണാൻ കോഴിക്കോട്ടു നിന്നും, കൊച്ചിയിൽ നിന്നും മലബാർ മേഖലയിൽ നിന്നും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ എത്തും. ഇവരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയിലൂടെ പ്രാദേശിക വിപണിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മത്സരങ്ങൾ കാണാനെത്തുന്ന ആൾക്കാരെ കൂടുതൽ ദിവസം തങ്ങാൻ ഉതകുന്ന തരത്തിലുള്ള വിനോദ പരിപാടികൾ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കുവാനാണ് കെ.സി.എയുടെ പദ്ധതി. കെ.സി.എൽ നടക്കുന്ന മാസങ്ങളിൽ സ്പെഷ്യൽ റേറ്റ് നൽകാൻ ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളുമായി ചർച്ച നടക്കുകയാണ്. ഇത്തരം നടപടികൾ അതാത് മേഖലകൾക്ക് പുത്തനുണർവ് നൽകും. ക്രിക്കറ്റ് മത്സരങ്ങൾ ടൂറിസം സീസണുകളിൽ പ്ലാൻ ചെയ്യാൻ സാധിച്ചാൽ, കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. മത്സര ടിക്കറ്റിനൊപ്പം ഹോട്ടൽ താമസം, കായൽ യാത്ര, മറ്റ് വിനോദങ്ങൾ എന്നിവ ചേർത്ത് ആകർഷകമായ ‘ക്രിക്കറ്റ് പാക്കേജുകൾ’ നൽകാൻ ട്രാവൽ ഏജൻസികൾക്ക് കഴിയും.

ക്രിക്കറ്റ്‌ ടൂറിസം പദ്ധതി മറ്റു ജില്ലകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വരും വർഷങ്ങളിൽ തിരുവനന്തപുരത്തെ സ്റ്റേഡിയങ്ങൾക്ക് പുറമെ മറ്റു ക്രിക്കറ്റ്‌ ഗ്രൗണ്ടകളിൽ ലീഗ് മത്സരങ്ങൾ വ്യാപിപ്പിക്കാൻ കെ.സി.എ തയ്യാറെടുപ്പുകൾ തുടങ്ങിയതായി കെസിഎ പ്രസിഡന്റ്‌ ജയേഷ് ജോർജ് പറഞ്ഞു.

“കെസിഎയുടെ ലക്ഷ്യം ക്രിക്കറ്റിനെ ഗ്രൗണ്ടിൽ മാത്രം ഒതുക്കുകയല്ല. അതൊരു സമ്പൂർണ്ണ അനുഭവമാക്കി മാറ്റുകയാണ്. കേരളത്തെ ക്രിക്കറ്റ് പ്രേമികളുടെ ഒരു ‘വൺ-സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’ ആക്കുക എന്നതാണ് ലക്ഷ്യം. കെസിഎൽ ആയാലും അന്താരാഷ്ട്ര മത്സരമായാലും, ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് ഇവിടെ കാണാൻ സാധിക്കുമെന്ന ഉറപ്പ് ക്രിക്കറ്റ് പ്രേമികൾക്ക് നൽകാൻ കഴിയണം. ക്രിക്കറ്റും ടൂറിസവും ഒരുമിച്ച് വളരുന്ന ഒരു സമ്പൂർണ്ണ ഇക്കോസിസ്റ്റമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്” – സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു.

സഞ്ചാരികൾക്കും കായിക പ്രേമികൾക്കും ക്രിക്കറ്റ് ടൂറിസത്തിലൂടെ പുതിയൊരു അനുഭവം സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കായിക, വിനോദസഞ്ചാര മേഖല. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക മുന്നേറ്റത്തിനും പദ്ധതി ഊർജ്ജം പകരും. വെല്ലുവിളികളെ അതിജീവിച്ച് ഈ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞാൽ, കേരളം ലോക സ്‌പോർട്‌സ് ടൂറിസം ഭൂപടത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുമെന്നും സെക്രട്ടറി വിനോദ് എസ് കുമാർ അഭിപ്രായപ്പെട്ടു.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

Top Picks for You
Top Picks for You