തിരുവനന്തപുരം: കേരളത്തിൽ കറുപ്പു നിറത്തോടുള്ള അലർജി ആദ്യം തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന് ആണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിറത്തെ ചൊല്ലി അധിക്ഷേപം നേരിടേണ്ടിവന്നുവെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
‘‘മനുഷ്യന്റെ നിറത്തെക്കുറിച്ച് ആരും കുറ്റം പറയാൻ പാടില്ല. അത് തെറ്റാണ്. അത് പ്രകൃതിദത്തമായി കിട്ടുന്നതാണ്. പക്ഷെ കറുപ്പിനോടുള്ള അലർജി കേരളത്തിൽ ആദ്യം തുടങ്ങിയത് പിണറായി വിജയനാണ്. കറുപ്പ് കൊടിക്കെതിരെ അദ്ദേഹം പ്രചാരണം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ ചില ശിഷ്യന്മാർ നിറത്തിനെതിരായും പറഞ്ഞു. രണ്ടും തെറ്റാണ്. കറുപ്പ് പല നിറങ്ങളിൽ ഒന്നാണ്.’’ – മുരളീധരൻ പറഞ്ഞു.
ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള ശാരദാ മുരളീധരന്റെ പ്രവർത്തനം കറുപ്പും, മുൻഗാമിയും ഭർത്താവുമായ വി.വേണുവിന്റേത് വെളുപ്പുമായിരുന്നു എന്ന് ഒരു സന്ദർശകൻ അഭിപ്രായപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. കെ. കരുണാകരൻ ഉണ്ടാക്കിയ സംഘടനയാണ് ഐഎൻടിയുസി എന്നും അത് പിണറായി വിലാസം സംഘടനയായി മാറരുതെന്നും മുരളീധരൻ പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തെ ഐഎൻടിയുസി പിന്തുണയ്ക്കാത്തതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
ആശമാരുടെ സമരത്തെ കോൺഗ്രസ് പിന്തുണയ്ക്കും. ആ നിലപാടിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളും അംഗീകരിച്ചതാണ്. ഐഎൻടിയുസി സ്വതന്ത്ര തൊഴിലാളി സംഘടനയാണ്. പക്ഷെ കെ. കരുണാകരൻ ഉണ്ടാക്കിയ സംഘടനയാണത്. പിണറായി വിലാസം സംഘടനയായി അത് മാറരുത് എന്നാണ് അവരോടു പറയാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.
‘‘സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 45 ദിവസമായി സമരം ചെയ്യുന്ന ആശാ വർക്കർമാരോടുള്ള സർക്കാരിന്റെ തെറ്റായ സമീപനം. സമരം പൊളിക്കണമെന്ന വാശിയാണ് മുഖ്യമന്ത്രിക്ക്. അത് അംഗീകരിച്ചു കൊടുക്കില്ല. അങ്കണവാടി ജീവനക്കാരുടെ സമരത്തെയും കോൺഗ്രസ് പൂർണമായി പിന്തുണയ്ക്കും.’’ – മുരളീധരൻ പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് സബൂറാക്കിയെന്നും മുരളീധരൻ പരിഹസിച്ചു. കോൺഗ്രസിനെ ശരിയാക്കാൻ രണ്ടു കൂട്ടരും കൂടി ഒന്നായതിന്റെ പേരിൽ പ്രശ്‌നങ്ങൾ ഒക്കെ അവസാനിച്ചു. നിർമല സീതാരാമനുമായി നടത്തിയ ചർച്ചയുടെ ഭാഗമാണിതൊക്കെയെന്നും മുരളീധരൻ പറഞ്ഞു.