ഹമാസുമായുള്ള ബന്ദി മോചനവും വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ലക്ഷ്യമിട്ട് ഇസ്രയേല്‍ സംഘം ഉടന്‍ ഖത്തറിലെത്തും. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബെന്യാമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇസ്രയേല്‍ ഉന്നതതല സംഘത്തിന്റെ ഖത്തര്‍ സന്ദര്‍ശനം.
വാഷിങ്ടന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി നെതന്യാഹു ചര്‍ച്ചകളില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാറിലേക്കും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിനും ട്രംപുമായി നടക്കാനിരിക്കുന്ന ചര്‍ച്ച സഹായകരമാകുമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം വെടിനിര്‍ത്തല്‍ കരാറില്‍ എത്തുന്നതിനു വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാന്‍ താന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ട്രംപ് ജനുവരിയില്‍ അധികാരത്തില്‍ എത്തിയതിനുശേഷം നെതന്യാഹു നടത്തുന്ന മൂന്നാമത്തെ യുഎസ് സന്ദര്‍ശനമാണിത്.
അതിനിടെ, ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ നെതന്യാഹുവിനു മേല്‍ സമ്മര്‍ദം വര്‍ധിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് അനുകൂലമായ രീതിയിലാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍, വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ ഹമാസ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഇസ്രയേല്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ ഘട്ടത്തിലും ഹമാസിനെ നിരായുധീകരിക്കണമെന്ന് തന്നെയാണ് നെതന്യാഹു ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.