newsroom@amcainnews.com

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഇടിവ്; സ്റ്റഡി പെര്‍മിറ്റുകള്‍ മൂന്നിലൊന്നായി കുറഞ്ഞു

ടൊറന്റോ : കാനഡയിലേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് കുറവ് രേഖപ്പെടുത്തി. കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയും ഈ പ്രവണതയ്ക്ക് കാരണമായതായി വിലയിരുത്തുന്നു.

2025-ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 30,640 സ്റ്റഡി പെര്‍മിറ്റുകളാണ് അനുവദിച്ചതെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ച 44,295 പെര്‍മിറ്റുകളെ അപേക്ഷിച്ച് ഏകദേശം 31% കുറവാണ്. അതേസമയം, 2024-ല്‍ 1,21,070 ആയിരുന്നത് 2025-ന്റെ ആദ്യ പാദത്തില്‍ 96,015 ആയി കുറഞ്ഞു.

2023-ന്റെ അവസാന പാദത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയതിന് ശേഷമാണ് ഈ കുറവ്. 2023-ല്‍ കാനഡ ആകെ 6,81,155 സ്റ്റഡി പെര്‍മിറ്റുകള്‍ അനുവദിച്ചപ്പോള്‍, അതില്‍ 2,78,045 പേര്‍ ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം സ്റ്റഡി പെര്‍മിറ്റുകള്‍ 5,16,275 ആയി കുറഞ്ഞു, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 1,88,465 ആയി.

വന്‍ തോതിലുള്ള കുടിയേറ്റം, ഭവന പ്രതിസന്ധി, ആരോഗ്യ-ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലെ സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നു എന്ന ഫെഡറല്‍ സര്‍ക്കാരിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ മാറ്റങ്ങള്‍ വരുത്തിയത്. 2027 ഓടെ വിദ്യാര്‍ത്ഥികളും വിദേശ തൊഴിലാളികളും ഉള്‍പ്പെടെയുള്ള താല്‍ക്കാലിക താമസക്കാര്‍ രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്ന് ഇക്കഴിഞ്ഞ ഫെഡറല്‍ തിരഞ്ഞെടുപ്പിന് ശേഷം മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചിരുന്നു.

2025-ലെ പഠന പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള പരിധി 4,37,000 ആയി കുറയ്ക്കുമെന്ന് 2024 സെപ്റ്റംബര്‍ 18-ന് IRCC അറിയിച്ചിരുന്നു. ഇത് ഈ വര്‍ഷത്തെ 4,85,000 എന്ന ലക്ഷ്യത്തില്‍ നിന്ന് കുറവാണ്. 2026-ലും ഇതേ കണക്ക് തുടരും.

2024 ജനുവരി 1-നോ അതിനുശേഷമോ ലഭിക്കുന്ന പുതിയ പഠന പെര്‍മിറ്റ് അപേക്ഷകര്‍ക്ക് 20,635 കനേഡിയന്‍ ഡോളര്‍ (ഏകദേശം 12.7 ലക്ഷം രൂപ) ബാങ്ക് ബാലന്‍സ് കാണിക്കേണ്ടിവരും എന്നായിരുന്നു 2023 ഡിസംബര്‍ 7-ലെ IRCC പ്രഖ്യാപനം. മുന്‍പ് ഇത് 10,000 കനേഡിയന്‍ ഡോളര്‍ (ഏകദേശം 6.14 ലക്ഷം രൂപ) ആയിരുന്നു. കൂടാതെ, 2023 ഡിസംബര്‍ മുതല്‍, Designated Learning Institutions (DLIs) ഓരോ അപേക്ഷകന്റെയും അഡ്മിഷന്‍ ലെറ്ററുകള്‍, IRCC വഴി പരിശോധിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രഖ്യാപിച്ചിരുന്നു. ഈ കര്‍ശന നടപടികള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാനഡയിലേക്കുള്ള ഒഴുക്കിനെ കാര്യമായി ബാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

You might also like

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

Top Picks for You
Top Picks for You