സ്‌പെയിനിൽ വെച്ച് തന്റെ പാസ്‌പോർട്ടും പണവും മോഷണം പോയതായി ഇന്ത്യൻ സംരംഭകന്റെ അനുഭവ കുറിപ്പ്. ശനിയാഴ്ചയാണ് മോഷണം നടന്നത്. സ്റ്റാർട്ടപ്പ് കമ്പനിയായ Blockwee യുടെ സഹസ്ഥാപകനായ ആയുഷ് പഞ്ച്മിയ എന്ന യുവ സംരംഭകനാണ് ദുരനുഭവം ഉണ്ടായത്.
ഫ്രാൻസിലെ കാൻസിൽ നടന്ന ക്രിപ്‌റ്റോ കോൺഫറൻസിൽ പങ്കെടുത്ത ശേഷം ആയുഷും സംഘവും സ്‌പെയിനിൽ എത്തിയപ്പോഴാണ് മോഷണം നടന്നത്.
സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റിൽ വെച്ച് ക്ലയന്റുകൾക്കായുള്ള കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ഒരു കോൾ വന്നെടുക്കാൻ പുറത്തേക്ക് പോയ താൻ തിരികെ വന്നപ്പോൾ സ്ഥലത്ത് പണവും പാസ്‌പോർട്ടും അടങ്ങിയ ബാഗ് കണ്ടില്ല. മേശയ്ക്കടിയിലായിരുന്നു ബാഗ് വെച്ചതെന്ന് ആയുഷ് സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നു. ഇതുപോലെയുള്ള യാത്രകളിൽ നിരവധി തവണ ഇതുപോലെ ചെയ്തിട്ടുണ്ട്. എന്നാൽ സ്‌പെയിനിൽ വെച്ച് ഇത്തരം അനുഭവമുണ്ടായത് തന്നെ ഞെട്ടിച്ചുവെന്നും ആയുഷ് പറയുന്നു. വാരാന്ത്യമായതിനാൽ ഇന്ത്യൻ എംബസി അടച്ചിരുന്നു. അതിനാൽ തന്നെ സഹായത്തിനായി സമീപിക്കാൻ കഴിഞ്ഞില്ലെന്നും ആയുഷ് പറഞ്ഞു.