ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് സർക്കാർ. നിലവിലെ നാലാം സമ്പദ്‌വ്യവസ്ഥയായ ജപ്പാനെ മറികടന്നതായും 2030 ആകുമ്പോൾ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ജർമനിയെ മറികടക്കുമെന്നും സർക്കാർ അറിയിച്ചു. വർഷാവസാന സാമ്പത്തിക അവലോകന പ്രകാരമാണ് സർക്കാർ പ്രസ്താവന പുറത്തിറക്കിയത്. 2025–26 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ യഥാർഥ ജിഡിപി 8.2 ശതമാനം വർധിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഇത് 7.8 ശതമാനവും നാലാം പാദത്തിൽ 7.4 ശതമാനവുമായിരുന്നു വർധന. ‘‘4.18 ട്രില്യൺ യുഎസ് ഡോളർ ജിഡിപി മൂല്യത്തോടെ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. 2030 ആകുമ്പോൾ ജർമനിയെ മൂന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളാൻ ഒരുങ്ങുകയാണ്’’, സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ യുഎസാണ്, രണ്ടാം സ്ഥാനത്ത് ചൈനയും. കഴിഞ്ഞ കുറെ വർഷങ്ങളായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. കഴിഞ്ഞ പത്തുവർഷത്തിൽ സമ്പദ്‍വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയായി.







