കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് സ്ലാഷർ ചിത്രമായ ‘ഇൻ എ വയലന്റ് നേച്ചറി’ൻ്റെ രണ്ടാം ഭാഗം സെപ്റ്റംബറിൽ കാനഡയിൽ ചിത്രീകരണം ആരംഭിക്കും. ക്രിസ് നാഷ് എഴുതി സംവിധാനം ചെയ്ത ആദ്യ ഭാഗം, 2024 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും മെയ് 31-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു.
ഒന്റാരിയോയിലെ വനത്തിൽ ക്യാമ്പിങ്ങിനെത്തുന്ന ഒരു കൂട്ടം കൗമാരക്കാർക്ക് നിഗൂഢമായൊരു ലോക്കറ്റ് ലഭിക്കുന്നു. ആ ലോക്കറ്റ് അനക്കം തട്ടിയതോടെ പതിറ്റാണ്ടുകളായി മണ്ണിനടിയിൽ അടക്കം ചെയ്യപ്പെട്ടിരുന്ന ജോണി എന്ന പകയുള്ള അമാനുഷിക കൊലയാളി ഉണരുന്നു. തന്റെ ലോക്കറ്റ് തിരികെ നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ, ജോണി ക്യാമ്പിൽ തങ്ങിയിരുന്നവരെ മൃഗീയമായി കൊലപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. റൈ ബാരറ്റ്, ആൻഡ്രിയ പാവ്ലോവിച്ച്, ലോറൻ-മേരി ടെയ്‌ലർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. “In a Violent Nature” എന്ന ചിത്രം ഹൊറർ ആരാധകർക്കിടയിൽ പുതിയ ഐക്കണായി ജോണിയെ മാറ്റിയെന്ന് നിർമ്മാതാക്കൾ പറയുന്നു. IFC ഫിലിംസും ഷഡറും (AMC Networks-ൻ്റെ ഹൊറർ സ്ട്രീമിങ് സർവീസ്) ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ് നാഷ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിൻ്റെയും തിരക്കഥാകൃത്ത്.