രാജ്യത്തിനായി സേവനം ചെയ്തവരെ ആദരിക്കുന്നതിന്റെ ഭാഗമായി, വെറ്ററൻ ലൈസൻസ് പ്ലേറ്റുകൾ ലഭ്യമാക്കി മാനിറ്റോബ സർക്കാർ. കനേഡിയൻ ആംഡ് ഫോഴ്സസ്, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) എന്നിവയിൽ നിലവിലുള്ളവരും മുൻപ് സേവനം ചെയ്തവരുമായ നിരവധി പേർക്ക് ഇനി അവരുടെ വാഹനങ്ങളിൽ ഈ പ്രത്യേക നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാം. മുമ്പ് കനേഡിയൻ സായുധ സേനയിലെ (CAF) അംഗങ്ങൾക്ക് വെറ്ററൻ പ്ലേറ്റ് ലഭിക്കാൻ കുറഞ്ഞത് മൂന്ന് വർഷത്തെ മാന്യമായ സേവനം ആവശ്യമായിരുന്നു. പുതിയ നിയമപ്രകാരം, ഈ മൂന്ന് വർഷത്തെ സേവനമെന്ന നിബന്ധന പൂർണ്ണമായും എടുത്തുമാറ്റി. വെറ്ററൻ പ്ലേറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഇനിമുതൽ റോയൽ കനേഡിയൻ ലീജിയൻ (Royal Canadian Legion) ആയിരിക്കും കൈകാര്യം ചെയ്യുക.
പുതിയ മാറ്റങ്ങൾ പ്രകാരം സായുധ സേനയിലെ നിലവിലുള്ളതും മുൻകാല അംഗങ്ങൾക്കും, ആർസിഎംപി, പ്രത്യേക ഡ്യൂട്ടി മേഖലകളിലെ പീസ് ഓഫീസർമാർ, സൈനിക പരിശീലനം പൂർത്തിയാക്കി മാന്യമായി ഡിസ്ചാർജ് ചെയ്യപ്പെട്ട വ്യക്തികൾക്കും ഇനി ലൈസൻസ് പ്ലേറ്റിനായി അപേക്ഷിക്കാം. അർഹതയുള്ള വെറ്ററൻസിന് ഈ ലൈസൻസ് പ്ലേറ്റുകൾ സൗജന്യമായാണ് ലഭിക്കുക. ഇതുവരെ പ്രവിശ്യയിലുടനീളം 5,700 -ലധികം വെറ്ററൻ ലൈസൻസ് പ്ലേറ്റുകൾ മാനിറ്റോബ പബ്ലിക് ഇൻഷുറൻസ് (MPI) ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.







