ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിൽ ഉണ്ടായ അതിശക്തമായ മഞ്ഞുവീഴ്ചയെയും ഹിമക്കാറ്റിനെയും തുടർന്ന് ഹൈവേകളിൽ 150-ഓളം വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ലണ്ടൻ നഗരത്തിന് വടക്കുള്ള ലൂക്കൻ, എക്സിറ്റർ മേഖലകളിലാണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. മണിക്കൂറുകളോളം മഞ്ഞിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കാൻ പ്രദേശത്തെ കർഷകരും സ്നോമൊബൈൽ ക്ലബ് അംഗങ്ങളും രംഗത്തിറങ്ങിയത് വലിയ ആശ്വാസമായി.
ശനിയാഴ്ച രാത്രിയോടെയാണ് പ്രദേശം പൂർണ്ണമായും മഞ്ഞിൽ മൂടിയത്. കാഴ്ചാപരിധി കുറഞ്ഞതും റോഡിൽ മഞ്ഞ് കട്ടപിടിച്ചതും കാരണം വാഹനങ്ങൾ നീക്കാൻ കഴിയാതെ വരികയായിരുന്നു. പല വാഹനങ്ങളും മഞ്ഞിലേക്ക് തെന്നിമാറുകയും ചെയ്തു. ഹൈവേയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കർഷകർ തങ്ങളുടെ ട്രാക്ടറുകളുമായെത്തി വാഹനങ്ങൾ കെട്ടിവലിച്ചു. കാറുകളിൽ കുടുങ്ങിയ സ്ത്രീകളെയും കുട്ടികളെയും സ്നോമൊബൈലുകളിലാണ് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.
രക്ഷപ്പെടുത്തിയ യാത്രക്കാർക്കായി പ്രദേശത്തെ പള്ളികളും കമ്മ്യൂണിറ്റി സെന്ററുകളും താൽക്കാലിക അഭയകേന്ദ്രങ്ങളായി പ്രവർത്തിച്ചു. നൂറുകണക്കിന് ആളുകൾക്ക് ഇവിടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കി. കഠിനമായ ഈ സാഹചര്യത്തിൽ അയൽവാസികൾ കാണിച്ച ഒരുമയെ പോലീസ് അധികൃതരും ജനപ്രതിനിധികളും അഭിനന്ദിച്ചു. നിലവിൽ റോഡിലെ മഞ്ഞ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വാഹനങ്ങൾ വീണ്ടെടുക്കാൻ ഉടമകൾക്ക് അനുവാദം നൽകിയിട്ടുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.







