ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയും വെള്ളപ്പൊക്കവും തായ്‌ലന്‍ഡിൽ കനത്ത നാശം വിതയ്ക്കുന്നു. കഴിഞ്ഞ 300 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് തായ്‌ലന്‍ഡിനെ മുക്കിയത്. ഇതുവരെ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. തലസ്ഥാനമായ ബാങ്കോക്ക് ഉള്‍പ്പെടെ രാജ്യത്തിൻറെ തെക്കന്‍ മേഖലകളാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്. മലേഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹാറ്റ് യായ് നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വീടുകളും വാഹനങ്ങളും പൂര്‍ണ്ണമായി മുങ്ങിയ നിലയിലാണ്. പാതിയിലേറെ മുങ്ങിയ കെട്ടിടങ്ങളുടെ മുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനായി കാത്തിരിക്കുന്ന സാധാരണക്കാരുടെ ദൃശ്യങ്ങള്‍ ആശങ്കയുണര്‍ത്തുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ അഭയം തേടിയ കൗമാരക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വെള്ളപ്പൊക്കത്തില്‍ 2 ദശലക്ഷത്തിലേറെ ആളുകളാണ് സാരമായി ബാധിക്കപ്പെട്ടത്. 13,000 പേര്‍ ഇതിനോടകം ദുരിതാശ്വാസ ഷെല്‍ട്ടറുകളില്‍ അഭയം തേടി. എന്നാല്‍ വലിയ ഭൂരിപക്ഷം ആളുകളിലേക്കും സഹായം എത്തിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തുണ്ട്. കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മൂവായിരം പേര്‍ക്ക് ഒരു ദിവസം ഭക്ഷണം നല്‍കാന്‍ ശേഷിയുള്ള ഫീല്‍ഡ് കിച്ചണും 14 ബോട്ടുകളും വിമാനങ്ങളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ടെന്ന് തായ് സൈനിക വക്താവ് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഒരു വിമാനവാഹിനിക്കപ്പല്‍ സഞ്ചരിക്കുന്ന ആശുപത്രിയാക്കി മാറ്റുമെന്നും സൈന്യം അറിയിച്ചു.
ദുരിതബാധിത പ്രദേശമായി സോങ്ഖ്‌ലയെ കഴിഞ്ഞ ദിവസം മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. രക്ഷാപ്രവര്‍ത്തന മേഖലയിലുള്ള എന്‍ജിഒകള്‍ക്ക് നിരവധിപ്പേരാണ് സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. തായ്ലന്‍ഡിന് പുറമെ സമീപ രാജ്യങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. വിയറ്റ്‌നാമില്‍ മഴക്കെടുതിയില്‍ 98 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മലേഷ്യയില്‍ 19,000 പേരെ സ്വന്തം വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.







