ഓട്ടവ: സർക്കാർ വേതനത്തിനും അലവൻസുകൾക്കുമുള്ള ബജറ്റ് വർധിപ്പിക്കുന്നതിനാൽ കനേഡിയൻ സായുധ സേനയിലെ (CAF) അംഗങ്ങൾക്ക് ഗണ്യമായ ശമ്പള വർധനവ് ലഭിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ സൈന്യത്തിന് അർഹിക്കുന്ന പെൻഷനോട് കൂടിയ ശമ്പള വർധനവ് ലഭിക്കുമെന്ന് നാഷണൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കും വർധനവ് ലഭിക്കുക. നാവികർ, പ്രൈവറ്റ് സൈനികർ, ഏവിയേറ്റർമാർ എന്നിവർക്ക് 20 ശതമാനം ശമ്പള വർധന ലഭിക്കും. കൂടാതെ റിസർവിസ്റ്റുകൾക്ക് 13 ശതമാനവും അടിസ്ഥാന വേതന വർധന ലഭിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.
പുതിയ അംഗങ്ങളെ ആകർഷിക്കുക, നിലവിലുള്ള അംഗങ്ങളെ നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വേതന വർധന നടപ്പിലാക്കുന്നത്. അടുത്ത 12 മാസത്തിനുള്ളിൽ ആനുകൂല്യ വർധനയും ബോണസുകളും നൽകുമെന്ന് കാർണി അറിയിച്ചു.
ശമ്പള വർധനയ്ക്ക് പുറമെ, സൈനികർക്ക് സേവന വർഷങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ വാർഷിക ലംപ്-സം പേയ്മെന്റ് ലഭിക്കും. അഞ്ച് മുതൽ പത്ത് വർഷം വരെ സേവനമനുഷ്ഠിച്ച റെഗുലർ ഫോഴ്സ് അംഗങ്ങൾക്ക് 2,000 ഡോളർ മുതൽ രണ്ട് പതിറ്റാണ്ടിലധികം സേവനമനിഷ്ഠിച്ച അംഗങ്ങൾക്ക് 6,000 ഡോളർ വരെയായിരിക്കും ലഭിക്കുക.







