ഓട്ടവ: ഒന്റാരിയോയിലെ റൈഡ് ഷെയർ, ഫുഡ് ഡെലിവറി, മറ്റ് ഗിഗ് തൊഴിലാളികൾ എന്നിവർക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാകുന്ന പുതിയ നിയമനിർമാണം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ഊബർ ഈറ്റ്‌സ്, ലിഫ്റ്റ്, ഇൻസ്റ്റാകാർട്ട് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നവർക്ക് ബാധകമാകുന്നതാണ് നിയമനിർമാണം. 2022 ൽ അവതരിപ്പിച്ച വർക്കിംഗ് ഫോർ വർക്കേഴ്‌സ് ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ‘ഡിജിറ്റൽ പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് റൈറ്റ്‌സ് ആക്ട്’ ആണ് നിലവിൽ വരാൻ പോകുന്നത്.
പുതിയ നിയമം അനുസരിച്ച്, തൊഴിലുടമകൾ അതത് തസ്തികയുടെ കടമകളും ശമ്പളവും സംബന്ധിച്ച് കൂടുതൽ സുതാര്യമായി പ്രവർത്തിക്കേണ്ടതുണ്ട്. കൂടാതെ, നിയമപരമായ നിർവചനം അനുസരിച്ച് ഒരു തൊഴിലാളി സാങ്കേതികമായി ജീവനക്കാരനാണോ എന്നത് പരിഗണിക്കാതെ തന്നെ, സാധാരണ പേ സൈക്കിൾ പ്രകാരം കുറഞ്ഞത് സ്റ്റാൻഡേർഡ് മിനിമം വേതനം വാഗ്ദാനം ചെയ്യണം. രേഖാമൂലമുള്ള വിശദീകരണമോ മുൻകൂർ അറിയിപ്പോ ഇല്ലാതെ തൊഴിലാളി സമ്പാദിച്ച ടിപ്പുകൾ തടഞ്ഞുവെക്കുന്നതിനെതിരെ അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്താക്കുന്നതിനെതിരെയും പുതിയ നിയമത്തിൽ വ്യവസ്ഥകളുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഉപജീവനം കണ്ടെത്തുന്ന ഒന്റാരിയോ നഗരത്തിലെ പതിനായിരക്കണക്കിന് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്മേലുള്ള വലിയ വിജയമാണിത്. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് കുറ്റകൃത്യങ്ങളുടെ തീവ്രതയും എണ്ണവും അനുസരിച്ച് കോർപ്പറേഷനുകൾക്ക് 15,000 ഡോളർ മുതൽ 500,000 ഡോളർ വരെ പിഴ ചുമത്താം.