ബർലിൻ: ജർമനിയുടെ പൊതു സാമ്പത്തിക ആരോഗ്യത്തിന്റെ സുപ്രധാന ബാരോമീറ്ററായി കണക്കാക്കപ്പെടുന്ന കെമിക്കൽ മേഖല നിലവിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ സംഘടന അറിയിച്ചു. ബിഎഎസ്എഫ്, ബേയർ തുടങ്ങിയ പ്രമുഖ ജർമൻ കമ്പനികൾ ഉൾപ്പെടുന്ന ഈ മേഖല ‘എല്ലാ മേഖലകളിലും ബുദ്ധിമുട്ടനുഭവിക്കുകയാണ്’ എന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ കെമിക്കൽ പ്ലാന്റുകളുടെ ശേഷിയുടെ 70% മാത്രമാണ് ഉപയോഗത്തിലുള്ളത്. കെമിക്കൽ ഉൽപാദനം 1995-ൽ കണ്ട നിലവാരത്തിലേക്ക് കുറഞ്ഞുവരികയാണ്. യുഎസിലേക്കുള്ള വിൽപ്പന ഈ പാദത്തിലെ വിൽപന ഏകദേശം 20% കുറഞ്ഞു. ഏഷ്യയിലേക്കുള്ള വിൽപനയിൽ ഏകദേശം 12% കുറവുണ്ടായി.
എന്നാൽ, കെമിക്കൽ മേഖലയെ അപേക്ഷിച്ച് ഫാർമസ്യൂട്ടിക്കൽ (ഔഷധ) മേഖല താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. ഉത്പാദനം ഒരു വർഷം മുമ്പത്തേതിനേക്കാൾ ഉയർന്നിട്ടുണ്ട്. എങ്കിലും, അമേരിക്കയുടെ പ്രവചനാതീതമായ താരിഫ് നയങ്ങൾ കാരണം ഈ മേഖലയിലും നിക്ഷേപകരുടെ ആത്മവിശ്വാസം കുറയാൻ കാരണമായിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് മാസത്തിൽ അധികാരമേറ്റ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ കീഴിലുള്ള സഖ്യ സർക്കാർ, ഇതുവരെ ‘വ്യവസായത്തിൽ ശുഭാപ്തിവിശ്വാസം സൃഷ്ടിക്കുന്നതിൽ’ പരാജയപ്പെട്ടുവെന്ന് വിമർശനം ഉയരുന്നുണ്ട്.







