കാനഡയിൽ ഫെഡറൽ സർക്കാർ സഹായത്തോടെ ഹോട്ടലുകളിൽ താമസിക്കുന്ന അഭയാർത്ഥികൾ സെപ്റ്റംബറോടെ ഒഴിഞ്ഞുപോകേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇത്തരം താൽക്കാലിക താമസ സൗകര്യങ്ങൾക്കുള്ള ഫണ്ടിങ് സെപ്റ്റംബർ 30-ന് അവസാനിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 2020 മുതൽ അഭയാർത്ഥികൾക്കായി താൽക്കാലിക ഹോട്ടൽ താമസത്തിന് കനേഡിയൻ സർക്കാർ ഏകദേശം 110 കോടി ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സൗകര്യം ഒരിക്കലും സ്ഥിരമായ ഒന്നായിരുന്നില്ലെന്നും, നിശ്ചിത സമയപരിധിക്ക് ശേഷം ഹോട്ടൽ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകാൻ സർക്കാരിന് കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ ഒന്റാരിയോയിലും കെബെക്കിലുമായി അഞ്ച് ഹോട്ടലുകളിലായി 485 അഭയാർത്ഥികൾക്ക് സർക്കാർ അഭയം നൽകുന്നുണ്ട്. അതേസമയം, കാനഡയുടെ പഴയ അഭയാർത്ഥി സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നിർത്തിയതും പുതിയ അതിർത്തി നിയമങ്ങൾ അഭയം തേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. ഹോട്ടലുകളിൽ കഴിയുന്നവരെ താമസിക്കാൻ സഹായിക്കുമെന്ന് അധികൃതർ പറയുമ്പോഴും, നഗരങ്ങളിലെ വാടകക്കൂടുതലും വീടുകളുടെ ലഭ്യതക്കുറവും വലിയ പ്രശ്നമാകും. ഇത് അഭയാർത്ഥികളെ തെരുവിലോ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലോ എത്തിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.