സോഷ്യൽ മീഡിയ വഴി ഒൻ്റാരിയോ മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് നൽകാമെന്ന് പരസ്യം നൽകി നിരവധി ആളുകളെ തട്ടിപ്പിനിരയാക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ എട്ടു പേർക്ക് 30,000 ഡോളർ നഷ്ടപ്പെട്ടതായി പീൽ പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ടു പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സസ്‌കചെവാൻ, ബ്രിട്ടീഷ് കൊളംബിയ സ്വദേശികളും ഇന്ത്യൻ വംശജരുമായ പ്രതികൾ ഒളിവിലാണ്. സാസ്കറ്റൂൺ സ്വദേശി 23-കാരൻ ജഷൻപ്രീത് സിദ്ധു, ബ്രിട്ടീഷ് കൊളംബിയ സറേ സ്വദേശിയായ 24-കാരൻ പ്രിയാൻഷു ഗോയൽ എന്നിവരാണ് പ്രതികൾ.
2025 ആദ്യമാസങ്ങളിലാണ് പ്രതികൾ മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റുകൾ വാടകയ്ക്ക് ലഭ്യമാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ നൽകിയത്. വ്യാജ പരസ്യത്തിൽ കുടുങ്ങിയ ആളുകൾ അപ്പാർട്ട്മെൻ്റുകൾ നേരിട്ട് സന്ദർശിക്കുകയും തട്ടിപ്പുകാർ ഒരുക്കിയ വ്യാജ താമസക്കാരെ പരിചയപ്പെടുകയും ചെയ്തു. തുടർന്ന് ഓൺലൈനായി വാടക കരാറിൽ ഒപ്പുവെച്ച ശേഷം പണം ഇ-ട്രാൻസ്ഫർ വഴി അയച്ചതായി പോലീസ് പറയുന്നു. എന്നാൽ താമസം ആരംഭിക്കാനെത്തിയപ്പോഴാണ് അപ്പാർട്ട്മെൻ്റ് ലഭ്യമല്ലെന്ന് കണ്ടെത്തിയത്. പരസ്യം നൽകിയ വ്യക്തികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിക്കാർ പറയുന്നു. അന്വേഷണത്തിൽ ഇതുവരെ എട്ട് ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്ക് 30,000 ഡോളറിലധികം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.







