“ഫ്രീഡം കോൺവോയ്” പ്രതിഷേധത്തെ അടിച്ചമർത്താൻ ജസ്റ്റിൻ ട്രൂഡോ സർക്കാർ, എമർജൻസി ആക്ട് ഉപയോഗിച്ചതിനെ ന്യായീകരിക്കാൻ ഫെഡറൽ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. എമർജൻസി ആക്ട് ഉപയോഗം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയതായി നീതിന്യായ മന്ത്രി ഷോൺ ഫ്രേസറിന്റെ വക്താവ് ലോല ഡാൻഡിബേവ സ്ഥിരീകരിച്ചു. ഫെഡറൽ സർക്കാരിന് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു.
എമർജൻസി ആക്ട് പ്രയോഗിച്ചത് യുക്തിരഹിതവും നിയമവിരുദ്ധവുമാണെന്ന് കഴിഞ്ഞ ജനുവരിയിൽ ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിച്ചിരുന്നു. ഓട്ടവയിലെ പ്രതിഷേധങ്ങൾ വിവിധ തടസ്സങ്ങൾ സൃഷ്ടിച്ചുവെങ്കിലും, അത് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ദേശീയ അടിയന്തരാവസ്ഥ ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും കോടതി കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനുമായി സ്വീകരിച്ച നടപടികൾ ന്യായീകരിക്കാനാവില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.
കോവിഡ് -19 വാക്സിൻ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ 2022 ജനുവരിയിലാണ് തലസ്ഥാനമായ ഓട്ടവയിലും വിവിധ അതിർത്തി മേഖലകളിലും ഫ്രീഡം കോൺവോയ് പ്രതിഷേധം ആരംഭിച്ചത്. ട്രക്കുകൾ ഉപയോഗിച്ച് റോഡുകൾ ഉപരോധിച്ചും മറ്റും പ്രതിഷേധക്കാർ ആഴ്ചകളോളം ഓട്ടവ നഗരം സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 14-നാണ് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡയുടെ ചരിത്രത്തിലാദ്യമായി എമർജൻസി ആക്ട് പ്രഖ്യാപിച്ചത്. സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി കനേഡിയൻ സിവിൽ ലിബർട്ടീസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഹർജി നൽകിയിരുന്നു.







