കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട കേസൊതുക്കുന്നതിന് കൊല്ലത്തെ വ്യവസായിയിൽനിന്ന് 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത 3 പേർക്കും ജാമ്യം. കേസിലെ 2 മുതൽ 4 വരെ പ്രതികളായ ഇടനിലക്കാരൻ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിൽ ഒന്നാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ അസി. ഡയറക്ടർ ശേഖർ കുമാറിനെയാണ്. ഇയാൾക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് വിജിലൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ 3 പ്രതികളുടേയും കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. 3 ദിവസം കൂടി ഇവരെ കസ്റ്റഡിയിൽ വേണമെന്നും വിജിലൻസ് വാദിച്ചു. കേസിലെ പരാതിക്കാരനായ അനീഷ് ബാബുവിന്റെ പേരു വിവരങ്ങൾ പ്രതി രഞ്ജിത് വാര്യരുെട ഡയറിയിൽനിന്ന് കണ്ടെടുത്തു എന്നതാണ് വിജിലൻസ് മുന്നോട്ടു വച്ച ഒരു വാദം. എന്നാൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്റെ എന്ന നിലയിൽ താൻ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട് എന്ന വാദമാണ് രഞ്ജിത് വാര്യർ മുന്നോട്ടു വച്ചത്. തങ്ങൾക്ക് സ്വന്തം നിലയിൽ ബന്ധപ്പെടാൻ അവകാശമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ചാർട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെട്ടത് എന്നായിരുന്നു മറ്റു രണ്ടു പ്രതികളുടേയും വാദം.
ഇതിനു പുറമെ, പ്രതികളെ അറസ്റ്റ് ചെയ്തതു നടപടിക്രമങ്ങൾ പാലിച്ചല്ല എന്നും പ്രതിഭാഗം ചൂണ്ടിക്കിട്ടി. ഭരണഘടനയുടെ 22-ാം അനുച്ഛേദം അനുസരിച്ച് അറസ്റ്റിനു മുൻപ് കേസിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന നടപടിക്രമം ഇവിടെ പാലിക്കപ്പെട്ടില്ല എന്നും പ്രതിഭാഗം വാദിച്ചു. തുടർന്നാണ് ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിച്ചത്. 3 പേരും അടുത്ത ഒരാഴ്ച എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും പിന്നീട് എപ്പോൾ വിളിപ്പിച്ചാലും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.