ഒൻ്റാരിയോയിലെ ഒറീലിയയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഒറീലിയയിൽ നിന്ന് 23 കിലോമീറ്റർ തെക്ക് കിഴക്ക് മാറി രാത്രി 10:59 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എർത്ത്‌ക്വേക്സ് കാനഡ അറിയിച്ചു.
ജിടിഎ , സെന്റ് കാതറൈൻസ് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തെത്തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.







