ഉത്തരകൊറിയയ്ക്കെതിരെ സുരക്ഷാ സഖ്യം രൂപീകരിക്കരുതെന്ന് യുഎസ്, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവ്. സൈനിക സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ലാവ്റോവിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ ഭീഷണി. വൊന്‍സാനില്‍ വെച്ച് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി ചോ സണ്‍ ഹുയിയുമായി ലാവ്റോവ് കൂടിക്കാഴ്ച നടത്തി.
യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയും, ആണവമിസൈല്‍ പരീക്ഷണങ്ങളില്‍ ഉത്തരകൊറിയയും ഒറ്റപ്പെട്ടതോടെ, സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സൈനികവും സാമ്പത്തികവും സാങ്കേതികവുമായ സഹകരണം ശക്തമാക്കിയിരുന്നു. റഷ്യയ്ക്ക് സൈനികരെയും ആയുധങ്ങളെയും ഉത്തരകൊറിയ നല്‍കിയപ്പോള്‍, തിരിച്ച് ആണവമിസൈല്‍ പദ്ധതിക്ക് ആവശ്യമായ സാങ്കേതികവിദ്യ റഷ്യ നല്‍കുമോയെന്ന ആശങ്കയില്‍ അമേരിക്ക, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.