ഓട്ടവ: ഡെൽ ലാപ്‌ടോപ്പ് സിസ്റ്റത്തിലുണ്ടായ പിഴവ് കാരണം വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും നിരീക്ഷിക്കാനും സാധ്യതയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് കമ്പനി മുന്നറിയിപ്പ് നൽകി. കമ്പനിയുടെ 100 ലധികം ലാപ്‌ടോപ്പ് മോഡലുകളെ ഈ പിഴവ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാനഡയിൽ ഡെൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി അറിയിച്ചു.
പാസ്‌വേഡുകൾ, ബയോമെട്രിക് ഡാറ്റ, സെക്യൂരിറ്റി കോഡുകൾ എന്നിവ സൂക്ഷിക്കുന്നതും ഫിംഗർപ്രിന്റ്, സ്മാർട്ട്കാർഡ്, നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻസ് ഡ്രൈവറുകൾ, ഫേംവെയർ എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതുമായ കമ്പ്യൂട്ടറിലെ ഒരു ചിപ്പിൽ നിന്നാണ് പ്രശ്‌നം ഉടലെടുത്തത്. അതിനാൽ ഹാക്കർമാർക്ക് വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കാൻ എളുപ്പമായെന്ന് അധികൃതർ പറയുന്നു.
അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉപയോക്താക്കൾ സുരക്ഷിതരമാണെന്ന് കമ്പനി വ്യക്തമാക്കി. റോയിറ്റേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, പിഴവുണ്ടായ ചിപ്പ് Broadcom BCM5820X ആയിരുന്നു. ഡെൽ അതിന്റെ കൺട്രോൾവാൾട്ട് സോഫ്റ്റ്‌വെയറിൽ ഈ ചിപ്പ് ഉപയോഗിച്ചിരുന്നു.