തിരുവനന്തപുരം/കണ്ണൂർ: ഇൻഡിഗോ വിമാനസർവീസുകൾ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലും യാത്രക്കാരെ വലച്ചു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളായി യാത്രക്കാർ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-അബുദാബി വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു. കണ്ണൂരിൽ വ്യാഴാഴ്ചയും ഇൻഡിഗോ വിമാനസർവീസുകളിൽ പ്രതിസന്ധി നേരിട്ടിരുന്നു. കണ്ണൂരിൽനിന്ന് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് ഇൻഡിഗോയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലും വെള്ളിയാഴ്ച ഇൻഡിഗോ യാത്രക്കാർ വലഞ്ഞു. തിരുവനന്തപുരത്തേക്ക് വരുന്ന മൂന്ന് വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട മൂന്നുവിമാനങ്ങളും വൈകുന്നു. തിരുവനന്തപുരം-പൂണെ, തിരുവനന്തപുരം-ബെംഗളൂരു ഉൾപ്പെടെ നാല് ഇൻഡിഗോ വിമാനസർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി. അതേസമയം, ഇൻഡിഗോ സർവീസുകൾ വൈകുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
കഴിഞ്ഞദിവസവും സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്നുള്ള ഒട്ടേറെ ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയിരുന്നു. പലതും മണിക്കൂറുകളോളം വൈകി. തിരുവനന്തപുരത്ത് 26 സർവീസുകളും നെടുമ്പാശ്ശേരിയിൽ 40 സർവീസുകളും കോഴിക്കോട്ട് 20 സർവീസുകളും കണ്ണൂരിൽ 18 സർവീസുകളുമാണ് കഴിഞ്ഞദിവസങ്ങളിൽ താളംതെറ്റിയത്.
കഴിഞ്ഞ മൂന്നുദിവസമായി രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകളിൽ വൻ പ്രതിസന്ധി നേരിടുകയാണ്. മൂന്നുദിവസത്തിനിടെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള 550-ഓളം സർവീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങൾ വൈകി. കുറച്ചുദിവസംകൂടി ഈ സ്ഥിതി തുടരാനാണ് സാധ്യത. ബുധനാഴ്ച ഇൻഡിഗോയുടെ 19.7 ശതമാനം സർവീസുകൾ മാത്രമാണ് കൃത്യസമയം പാലിച്ചത്. ചൊവ്വാഴ്ച ഇത് 35 ശതമാനവും തിങ്കളാഴ്ച 49.5 ശതമാനവുമായിരുന്നു. ദിവസവും ഏകദേശം 2300 വിമാനസർവീസുകളാണ് ഇൻഡിഗോയ്ക്കുള്ളത്.
ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് തിരിച്ചടിയാകുന്നതെന്നാണ് സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബർ ഒന്നുമുതലാണ് നടപ്പായത്. ചട്ടം നടപ്പാക്കുന്നതിൽ വിമാനക്കമ്പനികൾക്കുണ്ടായ വീഴ്ചകളിലേക്കാണ് പ്രതിസന്ധി വിരൽചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടനകൾ ആരോപിച്ചു.
അതേസമയം, ഫെബ്രുവരി പത്തോടെ സർവീസ് പൂർണമായി പുനഃസ്ഥാപിക്കുമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. സാങ്കേതികപ്രശ്‌നങ്ങൾ, മോശം കാലാവസ്ഥ, പുതിയ ക്രൂ ഡ്യൂട്ടിടൈം ചട്ടം തുടങ്ങിയ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാകുന്നതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ബദൽ യാത്രാക്രമീകരണങ്ങളോ റീഫണ്ടോ നൽകുമെന്നും കമ്പനി അറിയിച്ചു. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






