ഗാസയിലെ മൂന്നു കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർ വീതം ആക്രമണം നിർത്തിവെക്കുമെന്ന് ഇസ്രയേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിൽ വ്യാപകമായ പട്ടിണി മരണത്തിനെതിരെ ലോകരാഷ്ട്രങ്ങൾ സമ്മർദം ശക്തമായതിന് പിന്നാലെയാണ് നടപടി.
അതേസമയം, ഗാസയില്‍ പട്ടിണി ബാധിച്ച് കൊല്ലപ്പെടുന്നവർ കൂടിയതോടെ, ആഗോള സമ്മർദത്തിന് വഴങ്ങി ആകാശമാർഗം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാന്‍ ഇസ്രയേൽ തയ്യാറായിരുന്നു. അതിനിടെ, ഞായറാഴ്ച പുലർച്ചെ മുതൽ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 15 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്നും അഞ്ച് പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്തു. സഹായകേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 42 പേരാണ് കൊല്ലപ്പെട്ടത്.