മോൺട്രിയൽ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കാനഡയിൽ ഡീസൽ വില കുതിച്ചുയരുന്നു. പെട്രോൾ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഡീസൽ വില അടുത്ത മാസങ്ങളിലും ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വില വർദ്ധനവിന് കാരണമാകും. നിലവിൽ ഡീസലിന്റെ മൊത്തവില യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ 55 ശതമാനത്തിലധികം ഉയർന്ന നിലയിലാണ്.
ചരക്ക് നീക്കത്തിനായി ഡീസലിനെ അമിതമായി ആശ്രയിക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ടൊറന്റോയിൽ നിന്ന് മോൺട്രിയലിലേക്കുള്ള ഒരു ട്രക്കിന്റെ ഇന്ധനച്ചെലവിൽ മാത്രം കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ 300 ഡോളറിന്റെ വർദ്ധനവുണ്ടായതായി പ്രൈവറ്റ് മോട്ടോർ ട്രക്ക് കൗൺസിൽ ഓഫ് കാനഡ വ്യക്തമാക്കി. ഇത്തരത്തിലുണ്ടാകുന്ന അധികച്ചെലവ് ഒടുവിൽ ഉപഭോക്താക്കളുടെ തലയിലേക്കാണ് എത്തുന്നത്. പാൽ, മാംസം, പച്ചക്കറികൾ എന്നിവ കൊണ്ടുപോകുന്ന റെഫ്രിജറേറ്റഡ് ട്രക്കുകൾക്ക് കൂടുതൽ ഡീസൽ ആവശ്യമായതിനാൽ ഈ ഉൽപ്പന്നങ്ങൾക്കായിരിക്കും ആദ്യം വില വർദ്ധിക്കുക.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ശുദ്ധീകരണശാലകളിലെ ഉൽപ്പാദനക്കുറവും ഡീസൽ ക്ഷാമത്തിന് ആഗോളതലത്തിൽ കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം പല ഫാക്ടറികളും ഉൽപ്പാദനം കുറച്ചതോടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയും പ്രതിസന്ധിയിലാണ്. ഇന്ധനവില വർദ്ധനവ് മാത്രമല്ല, ചരക്കുകളുടെ ലഭ്യതക്കുറവും വരും മാസങ്ങളിൽ വിലക്കയറ്റത്തിന് ആക്കം കൂട്ടും. കാനഡയിലെ സ്വതന്ത്ര ഗ്രോസറി സ്റ്റോറുകളുടെ ലാഭവിഹിതം വെറും രണ്ട് ശതമാനം മാത്രമായതിനാൽ, വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് താങ്ങാൻ അവർക്ക് സാധിക്കില്ലെന്നും അത് ഉൽപ്പന്നങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാർക്ക് പെട്രോൾ വിലയിലെ മാറ്റമാണ് കൂടുതൽ ശ്രദ്ധേയമാകാറുള്ളതെങ്കിലും, സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ ബാധിക്കുന്നത് ഡീസൽ വിലയാണ്. കാർഷിക മേഖല, ഖനനം, നിർമ്മാണ മേഖല തുടങ്ങി എല്ലാ വ്യാവസായിക മേഖലകളെയും ഇത് നേരിട്ട് ബാധിക്കുന്നു. ഈ ആഴ്ച ലിറ്ററിന് 2.39 ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തിയ ഡീസൽ വിലയിൽ വെടിനിർത്തൽ വാർത്ത വന്നതിന് ശേഷം വെറും രണ്ട് ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. വസ്ത്രങ്ങൾ മുതൽ മരുന്നുകൾ വരെ എല്ലാത്തിനും വരും മാസങ്ങളിൽ കൂടുതൽ പണം നൽകേണ്ടി വരുമെന്ന സൂചനയാണ് വിപണി നൽകുന്നത്.







