newsroom@amcainnews.com

സ്വകാര്യ സർവകലാശാല വൈകി ഉദിച്ച വിവേകം, യുഡിഎഫ് കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിർക്കുകയും പിന്നീട് ആശ്‌ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിന്റേതെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ യുഡിഎഫ് സർക്കാരുകൾ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിർക്കുകയും പിന്നീട് ആശ്‌ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സിപിഎമ്മിന്റെ അപരിഷ്‌കൃത നയങ്ങൾമൂലം യുവജനങ്ങൾ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളത്തിൽനിന്നു പലായനം ചെയ്യുമ്പോൾ സ്വകാര്യ സർവകലാശാല തുടങ്ങാനുള്ള തീരുമാനം വൈകി ഉദിച്ച വിവേകമാണെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിന് അനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളാൻ സിപിഎം എന്ന പിന്തിരിപ്പൻ പ്രസ്ഥാനത്തിന് വർഷങ്ങൾ വേണ്ടി വരും. എന്നാൽ തിരുത്താൻ വൈകിയതുമൂലം അവസരങ്ങളേറെ നഷ്ടപ്പെട്ട നാടാണ് നമ്മുടേത്. പ്ലസ്ടു, സ്വാശ്രയവിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, സ്വകാര്യ സർവകലാശാലകൾ, വിദേശ സർവകലാശാലകളുമായി സഹകരണം തുടങ്ങിയ കാലോചിതമായ എല്ലാ പരിഷ്‌കാരങ്ങൾക്കും സിപിഎം തുരങ്കം വെച്ചു.ഈ നയങ്ങളുടെയെല്ലാം ഉപയോക്താവും പ്രയോക്താവുമായി പിന്നീട് സിപിഎം മാറി.

1982- 87ൽ കെ കരുണാകരൻ സർക്കാരിന്റെ കാലം മുതൽ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇതിനായി ആ സർക്കാർ നിയോഗിച്ച മാൽക്കം.എസ്. ആദിശേഷയ്യ കമ്മീഷന്റെ നിഗമനങ്ങളെ പാടെ തള്ളിക്കളയണമെന്നായിരുന്നു അന്നു സിപിഎമ്മിന്റെ പ്രധാന ആവശ്യം. അക്കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കോളജുകളിൽനിന്ന് പ്രീഡിഗ്രി കോഴ്‌സ് സ്‌കൂളിലേക്കു മാറ്റാൻ തീരുമാനിച്ചപ്പോൾ പ്രീഡിഗ്രി ബോർഡിനെതിരേ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. 1996ൽ ഇകെ നായനാർ സർക്കാർ പ്രീഡിഗ്രി ബോർഡ് നടപ്പാക്കുകയും ചെയ്തു. കരുണാകരൻ സർക്കാരിന്റെ കാലത്തു തന്നെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ തീരുമാനിക്കുകയും അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഒരു കോഴ്‌സ് അനുവദിക്കുകയും ചെയ്തു. അന്നും പ്രചണ്ഡമായ സമരം ഉണ്ടായി.

1991-95 ലെ കരുണാകരൻ സർക്കാരിന്റെ കാലത്ത് സഹകരണ മേഖലയിൽ പരിയാരം മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനെതിരേ ഇടത് വിദ്യാർത്ഥി യുവജനസംഘടനകൾ രംഗത്തുവന്നു. കരുണാകരന്റെയും രാഘവന്റെയും സ്വകാര്യസ്വത്താണിത് എന്നായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. 40 ദിവസത്തോളം നീണ്ട സമരത്തിനൊടുവിലാണ് 1994ൽ കൂത്തുപറമ്പ് വെടിവയ്പ് ഉണ്ടായത്. പിന്നീട് സിപിഎം പരിയാരം മെഡിക്കൽ കോളജിന്റെ ഭരണം പിടിച്ചെടുത്ത് സ്വന്തമാക്കി.

2001ലെ എകെ ആന്റണി സർക്കാർ സ്വാശ്രയ മേഖലയിൽ എൻഞ്ചിനിയറിംഗ്-മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ സിപിഎം ഈ നീക്കത്തിനെതിരെ വൻ പ്രതിഷേധം ഉയർത്തി. സ്വാശ്രയ കോളജുകൾക്കെതിരേ അണികളെ ഇളക്കിവിട്ടപ്പോൾ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ മക്കൾ സ്വാശ്രയ കോജജുകളിലും വിദേശത്തും വിദ്യാഭ്യാസം നേടി. 2006ൽ വിഎസ് അച്യുതാനന്ദൻ സർക്കാർ ഉദാരമായി സ്വാശ്രയ സ്ഥാപനങ്ങൾ അനുവദിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2014ൽ കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തെ എതിർത്ത എസ് എഫ്‌ഐക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനായിരുന്ന ടിപി ശ്രീനിവാസിന്റെ മുഖത്തടിച്ചു. സിപിഎമ്മിന്റെ പിന്തിരിപ്പൻ നയങ്ങൾ മൂലം തലമുറകൾക്കാണ് കനത്ത നഷ്ടം സംഭവിച്ചതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

You might also like

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

Top Picks for You
Top Picks for You