ഓട്ടവ: കാനഡയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ ഏകദേശം 60,000 തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് റിപ്പോർട്ട്. കനേഡിയൻ സെൻ്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്‌സിൻ്റെ പുതിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെഡറൽ സർക്കാരിൻ്റെ ചെലവ് ചുരുക്കൽ പദ്ധതികൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായണ് ഇത്. അടുത്ത വസന്തകാലത്ത് തങ്ങളുടെ വകുപ്പുകളിലെ പ്രോഗ്രാം ചെലവുകൾ 7.5 ശതമാനവും അതിനടുത്ത വർഷം 10 ശതമാനവും 2028-29 ൽ 15 ശതമാനവും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി ഫ്രാങ്കോയിസ്- ഫിലിപ്പ് ഷാംപെയ്ൻ നിരവധി മന്ത്രിമാർക്ക് ഈ മാസം ആദ്യം കത്തുകൾ അയച്ചിരുന്നു.
കനേഡിയൻ സെൻ്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഡേവിഡ് മക്ഡൊണാൾഡിൻ്റെ റിപ്പോർട്ട് പ്രകാരം, 2028 ആകുമ്പോഴേക്കും ഫെഡറൽ പബ്ലിക് സർവീസിൽ 57,000 ജീവനക്കാർക്ക് ജോലി നഷ്ട്ടപ്പെടുമെന്ന് പറയുന്നു. കാനഡ റവന്യൂ ഏജൻസി, എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് ആൻഡ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ എന്നീ മൂന്ന് സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. സമീപ മാസങ്ങളിൽ ജീവനക്കാരുടെ എണ്ണത്തിൽ ഇതിനോടകം തന്നെ കുറവ് വന്നിട്ടുണ്ട്.