ഇന്ത്യയുൾപ്പെടെയുള്ള ഇന്തോ-പസഫിക് രാജ്യങ്ങൾ സന്ദർശിക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സാമ്പത്തിക-നയതന്ത്ര ബന്ധം ശക്തമാക്കുകയാണ് പത്ത് ദിവസത്തെ യാത്രയുടെ ലക്ഷ്യം. ഫെബ്രുവരി 27-ന് മുംബൈയിലെത്തുന്ന കാർണി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തം വർധിപ്പിക്കാൻ പദ്ധതിയിടുന്നു.
ഇന്ത്യക്ക് ശേഷം ഓസ്‌ട്രേലിയയും ജപ്പാനും സന്ദർശിക്കുന്ന കാർണി പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കും. ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം, തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമായും ചർച്ച നടത്തും. ഇന്തോ-പസഫിക് മേഖലയിൽ സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാനാണ് കാനഡ ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.







