വേൾഡ് ഇക്കണോമിക് ഫോറത്തിൽ താൻ നടത്തിയ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി. പ്രസംഗത്തിലെ പരാമർശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിനിടെ കാർണി തിരുത്തിയെന്ന വൈറ്റ് ഹൗസിന്റെ അവകാശവാദങ്ങൾ അദ്ദേഹം തള്ളി. ചൊവ്വാഴ്ച പാർലമെന്റ് ഹില്ലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ദാവോസിൽ താൻ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും അത് യുഎസ് പ്രസിഡന്റിനോട് നേരിട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ട്രംപുമായി നടത്തിയ സംഭാഷണം സൗഹാർദ്ദപരമായിരുന്നുവെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കാർണി തന്റെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ പിൻവലിച്ചുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, ബെസന്റിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രസംഗത്തിലെ ഒരു ഭാഗവും താൻ പിൻവലിച്ചിട്ടില്ലെന്നും കാർണി വ്യക്തമാക്കി. വൻശക്തികൾ സാമ്പത്തിക ഏകീകരണത്തെ ആയുധമാക്കുന്നതിനെതിരെയായിരുന്നു ദാവോസിലെ കാർണിയുടെ പ്രസംഗം. ട്രംപിന്റെ പേരെടുത്തു പറയാതെയായിരുന്നു വിമർശനമെങ്കിലും, ഇത് രാജ്യാന്തര തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
കാർണിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ, കാനഡയുടെ നിലനിൽപ്പ് അമേരിക്കയെ ആശ്രയിച്ചാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടാൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ചൈനയുമായുള്ള കാനഡയുടെ കരാറിനെ ആദ്യം സ്വാഗതം ചെയ്ത ട്രംപ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എന്നാൽ ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിന് കാനഡ ശ്രമിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിരുന്നു.







